ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ബാങ്ക് വായ്പകള്‍ പരമാവധി വേഗത്തില്‍ സംരംഭകര്‍ക്ക് നല്‍കണമെന്ന് എഡിഎം ബി. രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ പത്തനംതിട്ട ജില്ലയില്‍ 1746 സംരംഭങ്ങള്‍ ആരംഭിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി 3646 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. രണ്ടാം ഘട്ടമായി ഓഗസ്റ്റ് ഒന്നുമുതല്‍ 18 വരെ ഓരോ പഞ്ചായത്തിലും വിവിധ വകുപ്പുകള്‍, പൊതുമേഖലാ ബാങ്കുകള്‍, കേരളാ ബാങ്ക്, കെഎഫ്സി, തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ അതാത് തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ലോണ്‍ ലൈസന്‍സ്, സബ്സിഡി മേളകള്‍ നടത്താന്‍ തീരുമാനിച്ചു.
2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം നിറവേറ്റുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. വിവിധ വകുപ്പുകളുടെ സംയോജനം അനിവാര്യമായതിനാല്‍ പദ്ധതി മേല്‍നോട്ടത്തിനും നിര്‍വ്വഹണത്തിനുമായി സംസ്ഥാന, ജില്ല , പഞ്ചായത്ത് തലങ്ങളില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കി.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 57 തദ്ദേശ സ്ഥാപനങ്ങളിലായി 61 ഇന്റേണ്‍സിനെ നിയമിച്ചിട്ടുണ്ട്. പുതിയ സംരംഭകരെ കണ്ടെത്തുന്നതും അവര്‍ക്കായി പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതാണ് ഇന്റേണ്‍സിന്റെ ചുമതല. ഏപ്രില്‍, മെയ് മാസങ്ങളിലായി 6200 പേരെ പങ്കെടുപ്പിച്ച് 66 പൊതു ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ജൂണ്‍, ജൂലായ് മാസങ്ങളില്‍ എല്ലാ പഞ്ചായത്തുകളിലും സംരംഭകര്‍ക്കായുള്ള ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍.മായ, ജില്ലയിലെ വിവിധ ബാങ്ക് പ്രതിനിധികളും പങ്കെടുത്തു.