തൊഴിൽ വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടൻറ് ലിമിറ്റഡ് (ഒഡെപെക്) വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശജോലി ലഭിച്ചത് 2,753 പേർക്ക്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021 ൽ പോലും 787 പേർക്ക് വിദേശ ജോലി ലഭ്യമാക്കാൻ സാധിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്കും വിദഗ്ധ, അർദ്ധവിദഗ്ധ, അവിദഗ്ദ വിഭാഗം തൊഴിലാളികൾക്കും വിദേശ രാജ്യങ്ങളിൽ തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക് പ്രവർത്തിക്കുന്നത്.
അഞ്ച് വർഷത്തിൽ ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്നത് സൗദി അറേബ്യയിലേക്കാണ് (1152) . യു എ ഇയിൽ 866 പേർക്കും, യു.കെയിൽ 594 പേർക്കും ജോലി ലഭ്യമാക്കി. ഒമാൻ, ബെൽജിയം, മാൽദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഒഡെപെക് റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. മെഡിക്കൽ, എൻജിനിയറിങ്, അധ്യാപനം, ഹ്യൂമൻ റിസോഴ്സ് തുടങ്ങി വിവിധ  മേഖലകളിലെ തൊഴിലുകളിലാണ് ഒഡെപെക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളായ യു.കെ, അയർലൻഡ് എന്നിവിടങ്ങളിലേക്കുമാണ് മുൻപ് തൊഴിലന്വേഷകരെ റിക്രൂട്ട് ചെയ്തിരുന്നത്. നിലവിൽ ജർമ്മനി, ബെൽജിയം, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും മലയാളികളായ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകുന്നതിനുള്ള പ്രത്യേക പദ്ധതികൾ ഒഡെപെക് നടപ്പാക്കുന്നു. ഒഡെപെക് മുഖേന റിക്രൂട്ട്‌മെൻറ് നടത്തുന്ന വിദേശ സർക്കാർ സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിച്ചതുവഴി കൂടുതൽ പേർക്ക് മികച്ച ജോലി ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. വിസ തട്ടിപ്പ്, ശമ്പളം തടഞ്ഞുവയ്ക്കൽ  ഉൾപ്പെടെയുള്ള ചൂഷണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായി വിദേശ തൊഴിൽ ലഭ്യമാക്കാൻ ഒഡെപെക് വലിയ പിന്തുണയാണ് നൽകുന്നത്.
ജർമ്മനിയിലേക്ക് നഴ്‌സുമാർക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റ നടത്തുന്നതിനായി ജർമ്മൻ ഭാഷയിൽ ഓൺലൈൻ, ഓഫ്ലൈൻ കോഴ്സുകളും ഒഡെപെക് നടപ്പാക്കുന്നു. ഇതിനുപുറമെ ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് IELTS / OET പരീക്ഷാ പരിശീലനവും ഒഡെപെക് വഴി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ ഇത്തരത്തിൽ 1826 പേർക്ക് ഈ കോഴ്സുകളിൽ പരിശീലനം നൽകി. യു.എസ്.എ, കാനഡ, ആസ്ട്രേലിയ, യു.കെ, ന്യൂസിലാൻഡ്, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനത്തിനു അവസരം ലഭ്യമാക്കുന്നതിനുള്ള സ്റ്റഡി എബ്രോഡ് പദ്ധതിയും ഒഡെപെക് ആരംഭിച്ചിട്ടുണ്ട്.