തീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യുവാന്‍ വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അടിയന്തര ദുരന്ത നിവാരണ അവലോകന യോഗം പീരുമേട് താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. താലൂക്ക് പരിധിയില്‍ ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങള്‍, മണ്ണിടിച്ചില്‍, മരണം, സ്വീകരിച്ച തുടര്‍ നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം വിലയിരുത്തി.

അപകടങ്ങളെ ക്ഷണിച്ചു വരുത്താതെ പരിഹരിക്കണമെന്നും അടുത്ത ഒരു ദുരന്തം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും എംഎല്‍എ പറഞ്ഞു. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണം. കഴിഞ്ഞ ദിവസം ഐഎച്ച്ആര്‍ഡി കോളേജിന് സമീപം മണ്ണിടിയാനിടയാക്കിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കുവാനും അത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. എന്‍എച്ച് പ്രതിനിധികള്‍ യോഗത്തില്‍ എത്താതിരുന്നതില്‍ രേഖാമൂലം പ്രതിഷേധം അറിയിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി.

ചികിത്സ ലഭിക്കാതെ മരണം സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ മേഖലയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ ഉണ്ടാകണം, ആംബുലന്‍സ് സേവനം കൃത്യതയോടെ നടക്കുന്നെന്ന് ഉറപ്പ് വരുത്തണം, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമായിരിക്കണം. അടിയന്തിരഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടതായി വന്നാല്‍ സജ്ജമാക്കേണ്ട സൗകര്യങ്ങള്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങള്‍, പഞ്ചായത്തുതലത്തിലുള്ള ആര്‍ ആര്‍ റ്റി കളുടെ പ്രവര്‍ത്തനം എന്നിവ കൃത്യമായി നടക്കുന്നെന്ന് ഉറപ്പുവരുത്തണം. അപകടാവസ്ഥയിലുള്ള ലയങ്ങളില്‍ കഴിയുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ അടിയന്തിര നടപടി കൈകൊള്ളാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും ഉണ്ടായാല്‍ പരിഹാര നടപടികള്‍ വളരെ വേഗത്തില്‍ സ്വീകരിക്കാനും കഴിയണം, ദുരന്ത പ്രതിരോധത്തിനുള്ള വാഹനങ്ങള്‍ സൂസജ്ജമായിരിക്കണം.

ഡാം തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കി വള്ളക്കടവ് പ്രേദേശത്തുള്ളവരെ മാറ്റാന്‍ സൈറണ്‍ സിസ്റ്റം (അലര്‍ട് കൊടുക്കാന്‍) സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉണ്ട്. മുല്ലപെരിയാറുമായി ബന്ധപെട്ട് മറ്റൊരു കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത നിവാരണത്തിനുള്ള വാഹനങ്ങള്‍ സജ്ജമാണ്, വില്ലേജ് ഓഫിസര്‍മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും സഹായത്തോടെ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലയങ്ങളുടെ പരിശോധനകള്‍ നടന്നു വരികയാണ്. അടിയന്തിര ഘട്ടങ്ങളില്‍ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് അതാത് വില്ലേജ് ഓഫിസര്‍മാര്‍, പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍ എന്നിവരുടെ പക്കലുണ്ട്. റവന്യൂ വകുപ്പ് പൂര്‍ണസജ്ജമാണെന്ന് ഭൂരേഖ തഹസില്‍ദാര്‍ സുനില്‍കുമാര്‍ പറഞ്ഞു.

പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു , ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ.ഇ, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി, കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ ബാബുകുട്ടി, ഡെപ്യുട്ടി കളക്ടര്‍, ബി. ഡി ഒ, പീരുമേട് ഭൂരേഖ തഹസില്‍ദാര്‍ സുനില്‍കുമാര്‍, പോലീസ് എസ്എച്ച്ഒമാര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, ഫോറസ്റ്റ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, പ്ലാന്റഷന്‍ ഇന്‍സ്പെക്ടര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.