കാലവർഷം അതിശക്തമാകുന്ന സാഹചര്യത്തിൽ ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് തല ദുരന്ത നിവാരണ അവലോകന യോഗം ചേർന്നു.

കാലവർഷത്തിൽ മരം വീണ് തോട്ടം തൊഴിലാളികൾ മരിക്കുന്നത് നിത്യ സംഭവമാണെന്നും അതിനാൽ രണ്ട് ദിവസത്തേക്ക് തോട്ടം മേഖലയിലെ ജോലികൾ നിർത്തി വെയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പടുത കുളങ്ങൾ ഇടിഞ്ഞു വീഴാതെ സംരക്ഷിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളാനും ദേശിയ പാത നിർമ്മാണത്തെ തുടർന്ന് അപകട ഭീഷണിയിലായിരിക്കുന്ന വീടുകളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനും അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ വനം വകുപ്പിന്റെ അനുമതിയോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെട്ടി മാറ്റുന്നതിനും യോഗത്തിൽ തീരുമാനമായി. ശാന്തൻപാറ പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളോട് പൂർണ്ണ സജ്ജരായി ഇരിക്കുവാൻ അവലോകന യോഗം നിർദേശം നൽകി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരിൽ നിന്നും പരിശീലനം ലഭിച്ച 29 അംഗങ്ങളാണ് ടീമിൽ ഉള്ളത്. അത്യാഹിത സമയങ്ങളിൽ ഇവർക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ ലൈഫ് ജാക്കറ്റും ഹെഡ് ലൈറ്റും മറ്റ് ഉപകരണ സാമിഗ്രികളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളുടെ ഫോൺ നമ്പറുകൾ എല്ലാ വാർഡിലെയും കുടുംബശ്രീ അംഗങ്ങൾ വഴി ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ യോഗത്തിൽ അറിയിച്ചു.
അടിയന്തിര സാഹചര്യം വന്നാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി രണ്ട് ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. വിളിക്കേണ്ട നമ്പർ 04868 247230, 8086769136

പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടത്തിയ യോഗത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ,വിവിധ കക്ഷി രാക്ഷ്ട്രീയ നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.