മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രത നടപടികളുടെ ഭാഗമായി ചെണ്ടുവരെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുള്‍പൊട്ടലില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് രൂപം കൊണ്ട ആശങ്ക കണക്കിലെടുത്ത് ജാഗ്രതാ നടപടികളുടെ ഭാഗമായി ക്യാമ്പ് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പതിനേഴ് കുടുംബങ്ങളാണ് നിലവില്‍ ക്യാമ്പിലേക്ക് മാറി താമസിച്ചിട്ടുള്ളത്. 20 പുരുഷന്‍മാരും 23 സ്ത്രീകളും 17 കുട്ടികളുമടക്കം 60 പേര്‍ ക്യാമ്പിലുണ്ട്. വിവിധ ക്ലാസ് മുറികളിലായിട്ടാണ് ക്യാമ്പിലെത്തിയവര്‍ക്കായി താമസ സൗകര്യം ക്രമീകരിച്ചിട്ടുള്ളത്. ഭക്ഷണം ലഭ്യമാക്കാനുള്ള ഇടപെടലിന് പുറമെ പ്രാഥമിക ചികിത്സക്കായി വേണ്ട സൗകര്യവും ക്രമീകരിച്ചിരുന്നു. അഡ്വ.എ രാജ എം എല്‍ എ, ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ദേവികുളം തഹസീല്‍ദാര്‍ യാസര്‍ഖാന്‍, മറ്റ് റവന്യൂ വകുപ്പുദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ എന്നിവരൊക്കെയും ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ഇടപെടല്‍ നടത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ഏതാനും കുടുംബങ്ങളെ കുണ്ടള എല്‍ പി സ്‌കൂളിലേക്കും മാറ്റിയിരുന്നു. പിന്നീട് ശനിയാഴ്ച്ച പകല്‍ എല്ലാവരേയും ചെണ്ടുവരെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റി ക്യാമ്പിന്റെ പ്രവര്‍ത്തനം ഒരിടത്തായി ഏകോപിപ്പിക്കുകയായിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് സമീപം താമസിച്ച് വന്നിരുന്ന ചിലര്‍ ബന്ധുവീടുകളിലേക്കും താല്‍ക്കാലികമായി മാറിയിട്ടുണ്ട്. പ്രദേശത്ത് ഉരുള്‍പൊട്ടിയതായുള്ള വിവരം ലഭ്യമായതോടെ പ്രാദേശിക ഭരണകൂടങ്ങളുടെയും കമ്പനിയുടെയും ഇടപെടലിലൂടെ പ്രദേശത്തെ കുടുംബങ്ങളെ ആകെ സുരക്ഷിത ഇടങ്ങളിലേക്ക് വളരെ വേഗത്തിലാണ് മാറ്റിപാര്‍പ്പിച്ചത്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുള്ള ചില കുടുംബങ്ങളും ക്യാമ്പിലേക്ക് എത്തിയേക്കുമെന്ന് ദേവികുളം തഹസീല്‍ദാര്‍ പറഞ്ഞു.
ഏറെ മുകളില്‍ നിന്ന് പൊട്ടി ഒഴുകിയെത്തിയ ഉരുള്‍ എസ്റ്റേറ്റ് ലയങ്ങള്‍ക്ക് തൊട്ടരികില്‍ വരെയെത്തി റോഡില്‍ തങ്ങി നിന്നതിലൂടെ വലിയ ദുരന്തമൊഴിവായതിന്റെ ആശ്വാസമാണ് ക്യാമ്പുകളിലേക്ക് മാറിയവരുടെ മുഖങ്ങളില്‍ ഉള്ളത്.