പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ വേണം ചെറുക്കേണ്ടതെന്ന്
പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.
ആരോഗ്യ പ്രവർത്തകർ, ത്രിതല പഞ്ചായത്തുകൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഈ ചെറുത്തുനിൽപ്പ് സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ മികവിനുള്ള സംസ്ഥാന കായകൽപ്പ് പുരസ്‌ക്കാരത്തിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മതിലകം ബ്ലോക്ക്‌ പഞ്ചായത്തിലെ ആരോഗ്യകേന്ദ്രങ്ങളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യം ഉള്ളവരാണ് നമ്മൾ. അതുകൊണ്ടുതന്നെ ഈ മേഖലയിൽ കൂടുതൽ മുന്നേറ്റം സാധ്യമാക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കായകൽപ്പ് അവാർഡ് നേടിയെടുക്കാൻ സഹായിച്ച എല്ലാ ആരോഗ്യപരിപാലകരെയും സന്നദ്ധപ്രവർത്തകരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

2021-22 വർഷത്തെ കായകൽപ്പ് പുരസ്‌ക്കാരത്തിന് മതിലകം ബ്ലോക്കിന് കീഴിലെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം 91.29 മാർക്ക്‌ നേടി സംസ്ഥാന തലത്തിലും 96.75 മാർക്ക് നേടി മാടവന കുടുംബാരോഗ്യകേന്ദ്രം ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . ആശുപത്രി പരിപാലനം, ശുചിത്വ പരിപാലനം, പരിസ്ഥിതി സൗഹൃദം, പിന്തുണ സേവനം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം, ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങി ഘടകങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം. ജില്ലയിൽ ആദ്യമായി ഐ എസ് ഒ 9001 നേടിയ ആദ്യത്തെ സാമൂഹികാരോഗ്യകേന്ദ്രം പെരിഞ്ഞനവും കുടുംബാരോഗ്യകേന്ദ്രം മാടവനയുമാണ്.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.