തൃശൂർ താലൂക്ക് വികസന സമിതി യോഗം ചേർന്നു

തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് നൽകുന്ന തിയ്യതികൾ നീണ്ടു പോകുന്നതിന് പരിഹാരം കാണുമെന്നും ശസ്ത്രക്രിയകൾ വൈകുന്നത് ജീവനക്കാരുടെ കുറവ് കൊണ്ടാണെങ്കിൽ ഉടൻ പരിഹാരം കാണുമെന്നും റവന്യൂ മന്ത്രി കെ രാജൻ.
തൃശൂർ താലൂക്ക് വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പാണഞ്ചേരി, നടത്തറ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശ്രീധരീ പാലത്തിൻ്റെ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ നടത്തറ ഗ്രാമ പഞ്ചായത്തിൽ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച ശ്രീധരീ പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി 2.9 കോടി കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് അനുവദിച്ചതായി മന്ത്രി അറിയിച്ചു.
പീച്ചി, മുളയം വില്ലേജുകളിലായി 63 പേർക്കാണ് ഈ തുക വിതരണം ചെയ്യുക.
80.18 സെൻ്റ് ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി
ഓണത്തിന് മുമ്പായി തുക വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കണ്ണാറ ബനാന ഹണി പാര്‍ക്ക് പ്രവർത്തന സജ്ജമാകുന്നതിന് ആവശ്യമായ യന്ത്രങ്ങൾ എത്തിച്ച് എത്രയും വേഗം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് വികസന സമിതി യോഗത്തിൽ ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർ മുതൽ വിവിധ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരും നിർബന്ധമായി പങ്കെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഓണക്കാലം അടുക്കുന്നതോടെ ലഹരി വസ്തുകളുടെ വിൽപന കൂടാൻ സാധ്യതയുള്ളതിനാൽ എക്സൈസ് വകുപ്പ് കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. പിഡബ്ല്യുഡി വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും
മന്ത്രി പറഞ്ഞു.