*ചാലക്കുടി, ചെങ്ങന്നൂർ ഭാഗത്ത് രക്ഷാപ്രവർത്തനത്തിന് കരസേനയുടെ വലിയ ബോട്ടുകളെത്തും
സംസ്ഥാനത്തെ സ്ഥിതിവിശേഷം ഗൗരവമായി തുടരുന്നതായും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസേനാവിഭാഗങ്ങളും പോലീസും ഫയർഫോഴ്‌സും മത്‌സ്യത്തൊഴിലാളികളും മറ്റു സന്നദ്ധ പ്രവർത്തകരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
നിലവിൽ ചെങ്ങന്നൂർ, ചാലക്കുടി ഭാഗത്താണ് കൂടുതൽ പേരെ രക്ഷപ്പെടുത്താനുള്ളത്. കരസേനയുടെ 12 വലിയ ബോട്ടുകൾ ആഗസ്റ്റ് 18ന് ചാലക്കുടിയിലെത്തും. കാലടിയിൽ കരസേനയുടെ അഞ്ച് ബോട്ടുകൾ നാളെ അധികമായി രക്ഷാപ്രവർത്തനത്തിനുണ്ടാവും. ചെങ്ങന്നൂരിൽ കരസേനയുടെ 15 ബോട്ടുകളും തിരുവല്ലയിൽ പത്തു ബോട്ടുകളും കൂടുതലായി ഉപയോഗിക്കും. വലിയ ഒഴുക്കുള്ളതാണ് ചാലക്കുടിയിലും ചെങ്ങന്നൂരിലും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത്. വലിയ ബോട്ടുകൾ വരുന്നതോടെ ഇതിന് പരിഹാരമാകും. രാത്രിയോടെ സൈന്യത്തിന്റെ കൂടുതൽ ബോട്ടുകൾ തിരുവനന്തപുരത്തും കൊച്ചിയിലുമെത്തും. ചാലക്കുടിയിലും ചെങ്ങന്നൂരിലും നാലു വ്യോമസേന ഹെലികോപ്റ്ററുകൾ ആഗസ്റ്റ് 18 രാവിലെയെത്തും. തിരുവല്ലയിൽ നാവികസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ രാവിലെയുണ്ടാവും.
ഒറ്റപ്പെട്ട് കഴിയുന്നവർക്കും ദുരിതാശ്വാസ ക്യാമ്പുകളിലും ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും ഇന്ന് (ആഗസ്റ്റ് 17) രാവിലെ മുതൽ ഭക്ഷണവിതരണം നടത്തുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ വ്യാപകമായി 18ന് ഭക്ഷണം എത്തിക്കും. കാബിനറ്റ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. 600 ലധികം ബോട്ടുകളും കൂടുതൽ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ വെള്ളം കയറിയതിനാൽ ചെറിയ വിമാനങ്ങൾ കൊച്ചിയിലെ നാവിക വിമാനത്താവളത്തിൽ ഇറക്കുന്നതിന് അനുമതി ആവശ്യപ്പെട്ടിരുന്നു. കൊച്ചി വിമാനത്താവളത്തിലെ സി. ഐ. എസ്. എഫ് സേനയെ ഇവിടേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. വിമാനക്കമ്പനികൾ ഈ ഘട്ടത്തിൽ നിരക്ക് കൂട്ടുന്ന സാഹചര്യമുണ്ടായിരുന്നു. തിരുവനന്തപുരം , ഡൽഹി പരമാവധി തുക പതിനായിരം രൂപയായി നിജപ്പെടുത്താനും ഇതിനനുസൃതമായി മറ്റു വിമാനത്താവളങ്ങളിലെ തുക നിശ്ചയിക്കാനും തീരുമാനമായി. ഇതുസംബന്ധിച്ച ഉറപ്പും വീഡിയോ കോൺഫറൻസിൽ ലഭിച്ചു.
പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഭക്ഷണ പൊതികൾ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി കേജരിവാൾ വിളിച്ചിരുന്നു. പത്തു കോടി രൂപയും മറ്റു സഹായങ്ങളും നൽകാമെന്ന് അറിയിച്ചു. ഇന്ത്യൻ റെയിൽവേ ആവശ്യമായ ശുദ്ധജലം എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒന്നരലക്ഷം ലിറ്റർ വാട്ടർ ബോട്ടിലുകൾ റെയിൽവേ നൽകിക്കഴിഞ്ഞു.