726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യമറകള്‍ സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകും

പക്ഷപാതമില്ലാതെ, വിവേചനരഹിതമായി മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതായി ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. നിരത്തുകളില്‍ അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് തടയാനും നിയമലംഘകരോടുള്ള പക്ഷപാതപരമായ സമീപനം ഒഴിവാക്കാനും വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 726 നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകളാണ് സ്ഥാപിച്ച് പരീക്ഷണ ഘട്ടത്തിലിരിക്കുന്നത്. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ ഇവ നിരീക്ഷണ സജ്ജമാകും. മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച വാഹനീയം- 2022 വയനാട് ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ചെക്‌പോസ്റ്റുകളിലെ പരിശോധനാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നൂതന സംവിധാനം ഏതാനും നാളുകള്‍ക്കുള്ളികള്‍ യാഥാര്‍ഥ്യമാകും. ഓടുന്ന എല്ലാ വാഹനങ്ങളുടെയും ഭാരം എടുക്കാന്‍ കഴിയുന്ന കോണ്‍ടാക്റ്റ്‌ലെസ് വെയിങ് ട്രാക്കുകളാണ് ചെക്‌പോസ്റ്റുകളില്‍ സ്ഥാപിച്ചു വരുന്നത്. ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി ബുക്ക് തുടങ്ങിയവ നിലവില്‍ ലാമിനേറ്റഡ് കാര്‍ഡുകളായി നല്‍കുന്നത് സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്നതിന് 2004 മുതല്‍ നടക്കുന്ന ശ്രമങ്ങള്‍ നിയമതടസ്സം കാരണം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവ നിയമതടസ്സങ്ങള്‍ ഇല്ലാത്തവിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള എലഗന്റ് കാര്‍ഡുകളാക്കാന്‍ നടപടി പൂര്‍ത്തിയായി വരുന്നുണ്ട്. പഴയ ഡ്രൈവിങ് ലൈസന്‍സുകളും ആര്‍.സികളും ഇന്റര്‍നാഷണല്‍ പെര്‍മിറ്റുകളും വൈകാതെ എലഗന്റ് കാര്‍ഡുകളിലേക്ക് മാറാനാനാകുമെന്ന് മന്ത്രി അറിയിച്ചു.

മോട്ടോര്‍വാഹന വകുപ്പിന്റെ 85 ശതമാനം സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനാണെന്നും ഓഫീസുകള്‍ സന്ദര്‍ശിക്കാതെയും അനാവശ്യമായ പണച്ചെലില്ലാതെയും സുതാര്യതയോടെ ഈ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് നാലുചക്ര വാഹനങ്ങളുണ്ടെങ്കില്‍ അവര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാകുന്ന കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ പി.എസ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രജീവ്, ആര്‍.ടി.ഒ ഇ. മോഹന്‍ദാസ്, എന്‍ഫോഴ്‌സ്‌മെന്റ് അനൂപ് വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.