സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാശിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 36 കേസുകള്‍ പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി. പുതിയ 2 പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. ബത്തേരി നഗരസഭ മുന്‍ അധ്യക്ഷന്‍ സി.കെ. സഹദേവന് സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ വനം വകുപ്പിനെതിരെ കേസെടുക്കണമെന്നും സി.കെ. സഹദേവന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എം.എല്‍എ സി.കെ ശശീന്ദ്രന്‍ നല്‍കിയ പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. അമ്പലവയല്‍ റോഡില്‍ 2005 ല്‍ നിര്‍മ്മാണം ആരംഭിച്ച് ഇതുവരെ നിര്‍മ്മാണം പൂര്‍ത്തികരിക്കാത്ത പാലവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ ഡി വൈ എഫ് ഐ യൂണിറ്റ് നല്‍കിയ പരാതിയില്‍ കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാലം പണി പൂര്‍ത്തീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്നും പാലം നിര്‍മ്മാണവുമായുളള കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീ കരിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ എക്സിക്യൂട്ടീവ് എഞ്ചിനിയറോട്ട് അടുത്ത് സിറ്റിംഗില്‍ നേരിട്ട് ഹാജരാവാന്‍ കമ്മീഷനംഗം നിര്‍ദ്ദേശം നല്‍കി. ഒക്ട്ബോര്‍ 26 നാണ് കമ്മീഷന്റെ അടുത്ത സിറ്റിംഗ്.
