ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേരള ഫോക് ലോർ അക്കാദമി പനമരം ഗ്രാമ പഞ്ചായത്തിൻ്റെയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പനമരത്ത് സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം പരിപാടി സംഘടിപ്പിച്ചു. തലക്കൽ ചന്തു സ്മാരകത്തിന് സമീപം നടന്ന സാംസ്കാരിക സദസ്സ് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആദിവാസികളുടെ സാന്നിധ്യം എന്ന വിഷയത്തിൽ പ്രൊഫ. ശ്രീജിത്ത് ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആദിവാസികൾക്ക് നിർണ്ണായക പങ്കുണ്ടെന്നും സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു സ്വാതന്ത്ര്യ സമര പോരാട്ടമെന്നും, മുണ്ട കലാപം, സാന്താൾ കലാപം തുടങ്ങിയ ആദിവാസികൾ നേതൃത്വം നൽകിയ സമരങ്ങളാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് അടിത്തറ പാകിയത്. ജൻമിമാരുടെയും ഭൂവുടമകളുടെയും കടന്നുകയറ്റമാണ് ആദിവാസികൾ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ നിന്നും അകന്നു പോകാൻ കാരണം. തലക്കൽ ചന്തുവിൻെറയും കുറിച്യ പടയാളികളുടെയും പോരാട്ടങ്ങൾക്ക് പേരുകേട്ട ഇടമാണ് പനമരം മെന്നും മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നാടൻ കലാവിരുന്നും ഒരുക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ബെന്നി ചെറിയാൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ജാനകി ബാബു, എം. ദേവകുമാർ, സാബു ആൻ്റണി, ടി.ഒ. നജ്മുദ്ദീൻ, സി.കെ. മുനീർ തുടങ്ങിയവർ സംസാരിച്ചു.