ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കുറ്റ്യാടി പഞ്ചായത്തിലെ വളയന്നൂർ ചിറക്ക് പുനരുജ്ജീവനം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലെയും 75 നദികൾ/ കുളങ്ങൾ എന്നിവ നിർമ്മിക്കുകയോ നവീകരിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുന്ന  അമൃത് സരോവർ പദ്ധതി മുഖേനയാണ് ചിറക്ക് പുതുജീവൻ നൽകുന്നത്.

തൊഴിലുറപ്പ് പദ്ധതി മുഖേന പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ചിറയുടെ നവീകരണം. തെരുവ് വിളക്ക്, നടപ്പാത, ബോട്ട് സർവീസ് എന്നിവ ഉൾപ്പെടുത്തി ചിറയെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കിമാറ്റാനുള്ള ആലോചനയിലാണ് പഞ്ചായത്ത്‌ അധികൃതർ. ഇത് പഞ്ചായത്തിന് ഒരു മികച്ച വരുമാന മാർഗ്ഗം കൂടിയാവുമെന്നും അവർ പറയുന്നു.

കുറ്റ്യാടി ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വളയന്നൂർ ചിറ, കുറ്റ്യാടിപ്പുഴയുടെ ശേഷിപ്പായിട്ടാണ് അറിയപ്പെടുന്നത്. പഴമക്കാരുടെ ഓർമ്മകളിൽ ശുദ്ധ ജലത്താൽ സമൃദ്ധമാണ് ചിറ. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൂടിയാണ് ഇത്.  നേരത്തെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറയിലെ ചളിയും മാലിന്യങ്ങളും നീക്കം ചെയ്ത് നാല് ഭാഗവും കരിങ്കല്ലുപയോഗിച്ച് കെട്ടി സംരക്ഷിച്ചിരുന്നു.

നിലവിൽ ചിറക്ക് സമീപമുള്ള പ്രദേശവാസികൾ താത്കാലിക ആവശ്യങ്ങൾക്കായാണ് ചിറയിലെ വെള്ളം ഉപയോഗിക്കുന്നത്.  മിഷൻ അമൃത് സരോവർ പദ്ധതിയിലൂടെ ഒരു നാടിന്റെ പൈതൃക ജലാശയത്തെ പൂർണ്ണമായും തിരിച്ചു കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് അധികാരികളും നാട്ടുകാരും.