കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ടൂറിസം വകുപ്പ് നിർണ്ണായക സ്വാധീനം ചെലുത്തി – മന്ത്രി എ. കെ ശശീന്ദ്രൻ

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ടൂറിസം വകുപ്പ് നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാലിന്യമുക്തമായ കേരളത്തിന്റെ സങ്കൽപങ്ങളിലേക്കാണ് ടൂറിസം നാടിനെ എത്തിക്കുന്നത്. പ്രകൃതിയെ ഒരുതരത്തിലും മലിനപ്പെടുത്താത്ത ഏക വ്യവസായം ടൂറിസം മാത്രമാണ്. മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്ന ഇടങ്ങളിൽ ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും വനംവകുപ്പിന്റെ എല്ലാ പിന്തുണയും ഇതിന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 12 നാണ് കോടഞ്ചേരി പുലിക്കയത്ത്  എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി അന്തരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.

തിരുവമ്പാടി പഞ്ചായത്തിലെ ഇലന്തുകടവിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബാബു കലത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്‌സി പുളിക്കാട്ട്, അലക്സ് തോമസ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കെ. എ. ടി. പി. എസ് സി. ഇ. ഒ ബിനു കുര്യാക്കോസ്  സ്വാഗതവും ഡി.ടി.പി. സി സെക്രട്ടറി നിഖിൽ ടി ദാസ് നന്ദിയും പറഞ്ഞു