സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ തീയും വേവും മുതല്‍ സ്വതന്ത്ര്യമെന്ന ആശയത്തിന്റെ മാരിവില്ലഴക് വരെ 75 അടി നീളമുള്ള കാന്‍വാസില്‍ വര്‍ണ വൈവിധ്യം തീര്‍ത്തപ്പോള്‍ 75-ാംമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലായി അത് മാറി. കേരള ചിത്രകലാ പരിഷത്തിന്റെ 15 കലാകാരന്മാരാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മിഴിവേകി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ആശയാകാശങ്ങള്‍ നിറച്ച മനസ്സും ചായക്കൂട്ടുകളുമായി സ്വാതന്ത്ര്യ ദിനത്തലേന്ന് ഒത്തുകൂടിയത്. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ഭരണകൂടവും കേരള ചിത്രകലാ പരിഷത്ത് ജില്ല ഘടകവും സംയുക്തമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യ ചിത്രമെഴുത്താണ്’ ഐ. ഡി.എ ഗ്രൗണ്ടിനെ സ്വാതന്ത്ര്യ സ്മൃതികളാല്‍ നിറച്ചത്.

ചിത്രകലാ പരിഷത്ത് ജില്ല പ്രസിഡന്റ് ഫ്രസ്‌കോ മുരളി, ജില്ല സെക്രട്ടറി ജോസഫ് അനുഗ്രഹ, ജോസ് ആന്റണി, കെ. ആര്‍. ഹരിലാല്‍, ടി.ജെ ജോസ്, നിള ബിജു, സജിദാസ് മോഹന്‍, കെ. ബി. ബാലചന്ദ്രന്‍, മോന്‍സി, സിനോജ് മാത്യു, അമൃത മുരളീധരന്‍, അനുഷ സന്തോഷ്, അജയന്‍ കടനാട്, ലക്ഷ്മി സന്തോഷ്, ബിനോയ് സെബാസ്റ്റ്യന്‍ തുടങ്ങി പ്രശസ്തരായ 15 ചിത്രകാരന്മാരാണ് ചിത്രമെഴുത്തില്‍ പങ്കെടുത്തത്. 75 അടി നീളമുള്ള കാന്‍വാസിലായിരുന്നു ലൈവ് ചിത്രരചന. സ്വാതന്ത്ര്യത്തിന്റെ പായ്ക്കപ്പലും ത്രിവര്‍ണ ശലഭങ്ങളും ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്ന സ്വാതന്ത്ര്യ വാഞ്ജയും സമാധാനത്തിന്റെ ധവള ദൂതനായ ഗാന്ധിജിയും സ്വാതന്ത്ര്യത്തിന്റെ കാവല്‍ ഭടന്മാരായ സൈനികരും ചട്ടക്കൂടുകള്‍ തകര്‍ത്ത് മുന്നേറാനുള്ള സകല ജീവിവര്‍ഗങ്ങളുടെയും സ്വാതന്ത്ര്യ മോഹവും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ അനസ്മരിക്കുന്ന കാക്ക പുരാണവും ഒക്കെ നിമിഷ നേരം കൊണ്ട് കാന്‍വാസില്‍ നിറഞ്ഞു.

ചിത്രകാരന്മാരോരുത്തരും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവരുടെ സ്വതന്ത്രആശയം സ്വയം ആവിഷ്‌കരിക്കുകയും പിന്നീട് അവയെ ഇണക്കിച്ചേര്‍ക്കുകയുമാണ് ചെയ്തതെന്ന് ചിത്രകലാ പരിഷത്ത് ജില്ല സെക്രട്ടറി ജോസഫ് അനുഗ്രഹ പറഞ്ഞു. നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം അര്‍പ്പിച്ച ധീര ദേശാഭിമാനികളെ ഈ ആഹ്ലാദവേളയില്‍ അനുസ്മരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് താന്‍ ആവിഷ്‌കരിച്ചതെന്ന് മുതിര്‍ന്ന ചിത്രകലാ അധ്യാപകനായ ജോസഫ് ആന്റണി പറഞ്ഞു. വാഗണ്‍ ട്രാജഡിയും ഭഗത് സിംഗുമൊക്കെ ആന്റണിയുടെ ചിത്രത്തില്‍ മിഴിവോടെ കാണാം. സ്വാതന്ത്ര്യ സമരത്തിന് പിന്നിലെ സങ്കീര്‍ണവും തീക്ഷ്ണവുമായ അനുഭവങ്ങള്‍ കാഴ്ചക്കാരെ അനുഭവിപ്പിക്കാനാണ് കറുപ്പിലും ചുവപ്പിലുമുള്ള തന്റെ അബ്സ്ട്രാക്ട് പെയിന്റിങ്ങിലൂടെ ശ്രമിച്ചതെന്ന് മുതിര്‍ന്ന ചിത്രകാരന്‍ കെ. ആര്‍. ഹരിലാല്‍ പറഞ്ഞു. ബ്രിട്ടീഷ് ആധിപത്യത്തിന്റെ നിഷ്ഠൂരതയും അതിനെതിരായ ഗ്രാമങ്ങളുടെ പോരാട്ടത്തിന്റെ തീക്ഷ്ണതയ്ക്കുമാണ് തിരക്കഥാകൃത്തും ചിത്രകാരനുമായ അജയന്‍ കടനാട് വര്‍ണം പകര്‍ന്നത്.
സര്‍ഗാത്മക രചനകളില്‍ തുടങ്ങി റിയലിസ്റ്റിക് അനുഭവങ്ങളിലൂടെ കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ ചിത്രീകരണങ്ങളില്‍ അവസാനിക്കുന്ന വിധത്തിലാണ് 75 അടി നീളമുള്ള കാന്‍വാസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിലെ ഉപ്പ് സത്യാഗ്രഹമടക്കമുള്ള പ്രധാന സംഭവങ്ങളാണ് കാര്‍ട്ടൂണിലൂടെ താന്‍ ആവിഷ്‌കരിച്ചതെന്ന് എസ്. ബി. ഐ ഉദ്യോഗസ്ഥനും കാര്‍ട്ടൂണിസ്റ്റുമായ സജി ദാസ് പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ വൈവിധ്യവും സ്വാതന്ത്ര്യാനുഭവവും എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കേണ്ടതിന്റ ആവശ്യകതയുമാണ് പ്രമുഖ ചിത്രകാരനായ ഫ്രസ്‌കോ മുരളി കാന്‍വാസില്‍ ഒരുക്കിയത്.
വണ്ടന്‍മേട് ചേറ്റുകുഴി മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി അമൃത മുരളീധരന്‍, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ലക്ഷ്മി സന്തോഷ് എന്നിവരും ചിത്രമെഴുത്തില്‍ സജീവ പങ്കാളികളായി. 14 ന് രാവിലെ തുടങ്ങിയ ചിത്രരചന വൈകിട്ട് 5 മണിയോടെ സമാപിച്ചു. ചിത്രമെഴുത്ത് വേദി കളക്ടര്‍ ഷീബ ജോര്‍ജ് സന്ദര്‍ശിക്കുകയും കലാകാരന്മാരുമായി ആശയവിനിമയം നടത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍ പരിപാടിക്ക് നേതത്വം നല്‍കി.

ചിത്രപ്രദര്‍ശനം ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന പരേഡിന് ശേഷം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം വീക്ഷിക്കാന്‍ ഐ ഡി എ ഗ്രൗണ്ടില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.