ചെന്നൈയില്‍ സമാപിച്ച ചെസ് ഒളിംപ്യാഡില്‍ വ്യക്തിഗത സ്വര്‍ണവും ടീം ഇനത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയ ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനെ അഭിനന്ദിക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ താരത്തിന്റെ വീട്ടിലെത്തി. രാജ്യത്തിന്റെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച നിഹാല്‍ രാജ്യത്തിനും പ്രത്യേകിച്ച് തൃശൂരിനും അഭിമാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ചെസ് കളിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍, കോവിഡ് കാലത്തെ ഓണ്‍ലൈന്‍ മല്‍സരങ്ങളെ കുറിച്ചും നിഹാലിലോട് ആരാഞ്ഞു. കോവിഡ് കാലം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും നേരിട്ടുള്ള മല്‍സരങ്ങള്‍ ഒന്നും ആ കാലത്ത് കളിക്കാനായില്ലെന്നും നിഹാല്‍ പറഞ്ഞു. എന്നാല്‍ നേരത്തേ ഓണ്‍ലൈന്‍ മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നതിനാല്‍ അത് വലിയ ബുദ്ധിമുട്ടായി അനുഭവപ്പെട്ടില്ല.
ഇരുപത്തി എട്ടാമത് അബൂദാബി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിലെ മാസ്റ്റേഴ്‌സ് ചെസ്സ് മല്‍സരത്തില്‍ പങ്കെടുക്കുന്ന നിഹാലിന് ഈ മല്‍സരത്തിലും തുടര്‍ന്നുള്ള ടൂര്‍ണമെന്റുകളിലും ജില്ലാ കലക്ടര്‍ വിജയാശംസകള്‍ നേര്‍ന്നു. പൂത്തോളിലെ വീട്ടില്‍ നിഹാലിന്റെ പിതാവ് ഡോ. എ സരിന്‍, മാതാവ് ഡോ. ഷിജിന്‍ എ ഉമ്മര്‍, വല്യച്ചന്‍ എ എ ഉമ്മര്‍, അമ്മൂമ്മ പി എം സീനത്ത്, സഹോദരി നേഹ സരിന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
