കോട്ടയം: തെരഞ്ഞെടുപ്പു കമ്മിഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ, വോട്ടർ പട്ടിക റജിസ്‌ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കൽ എന്നീ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്കു പരിശീലനം സംഘടിപ്പിച്ചു. കേരള തെരഞ്ഞെടുപ്പു കമ്മിഷൻ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുത്തു.

ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കലക്ടർ ജിയോ ടി. മനോജ്, സബ് കളക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ പങ്കെടുത്തു. ചീഫ് ഇലക്ഷൻ ഓഫീസ് സെക്ഷൻ ഓഫീസർ ആർ.വി. ശിവലാൽ, ലാൻഡ് റവന്യൂ വകുപ്പ് ജൂനിയർ സൂപ്രണ്ട് ജി. പ്രശാന്ത്, റവന്യൂ ഇൻസ്‌പെക്ടർ എസ്. ആർ. റെജി എന്നിവർ ക്ലാസുകൾ നയിച്ചു.സംശുദ്ധ വോട്ടർ പട്ടിക പുതുക്കൽ 2023ന്റെ ഭാഗമാണ് പരിശീലനം. വോട്ടർ പട്ടിക ശുചീകരണം, ഇരട്ടിക്കൽ ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണു വോട്ടർമാരുടെ ആധാർ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത്. വിവര ശേഖരണത്തിനായി തയാറാക്കിയ പുതിയ ഗരുഡ ആപ്പ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി.