കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ കടന്ന് നായ്കുന്ന് മേഖലയിലെ കുടുംബങ്ങള്‍ കല്ലാര്‍കുട്ടി റേഷന്‍കടപടിയിലേക്ക് എത്താന്‍ ഉപയോഗിച്ച് വന്നിരുന്ന കടത്തുവള്ളം പുതുക്കിപണിത് വീണ്ടും യാത്രക്കായി എത്തിച്ചു. പഞ്ചായത്തിന്റെ തുകയായ തൊണ്ണൂറ്റയ്യായിരം രൂപയോളം വിനിയോഗിച്ചാണ് ഫൈബര്‍ വള്ളത്തിന്റെ പണികള്‍ നടത്തിയത്. വള്ളത്തിന്റെ ഉദ്ഘാടനം വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു നിര്‍വ്വഹിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില്‍ എസ് അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ബി. ജോണ്‍സന്‍, എ. എന്‍. സജികുമാര്‍, നിസറി പരീക്കുട്ടി, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. ശ്രീധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നായ്കുന്ന് മേഖലയിലെ കുടുംബങ്ങള്‍ക്കായി ഇവിടെ കടത്തുകാരനെയും നിയമിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ദിവസവും ഫൈബര്‍ വള്ളത്തെ ആശ്രയിക്കുന്നത്.