പ്ലാസ്റ്റിക് മുക്ത ഗ്രാമം; തൃക്കുന്നപ്പുഴ വിജയവഴിയില്‍
ആലപ്പുഴ: പ്ലാസ്റ്റിക് മുക്തമാകാന്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയവഴിയില്‍. ഗ്രാമപഞ്ചായത്തിലെ 6,804 വീടുകളില്‍ നിന്നും 224 സ്ഥാപനങ്ങളില്‍ നിന്നുമായി 80 ടണ്ണോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത സഹായ സ്ഥാപനമായ ഐ.ആര്‍.ടി.സി എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശേഖരിച്ച മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.

പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളുടെയും സഹകരണമാണ് പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് സഹായകമായതെന്ന് പ്രസിഡന്റ് എസ്. വിനോദ് കുമാര്‍ പറഞ്ഞു.

29 അംഗ ഹരിത കര്‍മസേനയാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് യൂണിഫോമും സുരക്ഷാ സംവിധാനങ്ങളും പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്നതിന് വീടുകളില്‍നിന്ന് പ്രതിമാസം 50 രൂപയും കടകളില്‍ നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്.