കേരള സംസ്ഥാന വനിതാ കമ്മീഷനും കട്ടപ്പന ഐ സി ഡി എസും സംയുക്തമായി ജാഗ്രത സമിതി അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. കാഞ്ചിയാർ സാംസ്കാരിക നിലയത്തിൽ നടന്ന സെമിനാർ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികാതിക്രമ കേസിലെ കോടതി വിധി സ്ത്രീ വിരുദ്ധമാണെന്നും ഇത്തരത്തിലുള്ള കോടതി ഉത്തരവുകൾ പിന്തിരിപ്പനും, തിരുത്തപ്പെടേണ്ടതുമാണെന്നും ഷാഹിദ കമാൽ പറഞ്ഞു. കട്ടപ്പന ശിശു വികസന പദ്ധതി ഓഫിസർ രമ പികെ അധ്യക്ഷത വഹിച്ചു.

ജാഗ്രതാ സമിതിയുടെ പ്രസക്തി, വിവിധ പ്രശ്നങ്ങൾ, നിയമ വശങ്ങൾ, മുതലായ വിഷയങ്ങളിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ക്ലാസ് നയിച്ചു. ഉപ്പുതറ , അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകൾക്ക് രാവിലെയും കാഞ്ചിയാർ പഞ്ചായത്തിനും കട്ടപ്പന നഗരസഭയ്ക്കുമായി ഉച്ചകഴിഞ്ഞുമായി രണ്ട് വിഭാഗമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്. പരിപാടിയിൽ ഐസിഡിഎസ് സൂപ്പർവൈസർമാർ, ജനപ്രതിനിധികൾ, ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.