ആളൂർ പഞ്ചായത്ത് സംഘടിപ്പിച്ച മികവ് 2022 പരിപാടി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ സ്വീകരിച്ചിട്ടുള്ള പുരോഗമനപരമായ നിലപാടുകളാണ് കേരളസമൂഹത്തിന്റെ ഉയർച്ചയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. പഠനത്തിൽ വിജയം കരസ്ഥമാക്കുമ്പോൾ നല്ല സാമൂഹ്യ ജീവികളായി അനുവർത്തിക്കാനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാകണമെന്നും
മന്ത്രി ഓർമിപ്പിച്ചു.
പഞ്ചായത്തിൽ 100% വിജയം കൈവരിച്ച മൂന്ന് വിദ്യാലയങ്ങളെ ആദരിക്കലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും മറ്റു മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കുളള അനുമോദനവും ചടങ്ങിൽ നൽകി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞുമാൻ, പഞ്ചായത്ത് ആരോഗ്യ- വിദ്വാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ അഡ്വ. എം എസ് വിനയൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, ബ്ലോക്ക് – പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.