ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജില്‍ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിപാഠം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പാലക്കാട് നഗരസഭ കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ പി. കൃഷ്ണന്‍ ക്ലാസ് നയിച്ചു. പച്ചക്കറി കൃഷിയുടെ പ്രാധാന്യവും പച്ചക്കറി വീടുകളില്‍ ഉത്പാദിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും  വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. ഏതു പ്രവര്‍ത്തനവും ആരംഭിക്കാന്‍ മനസ് വേണം എന്നു പറയുന്നതുപോലെ പച്ചക്കറി ഉത്പാദനത്തിനും മനസാണ് ആദ്യം വേണ്ടതെന്നും വിദ്യാര്‍ഥികള്‍ ആ മനസ് കാണിക്കണമെന്നും വീട്ടിലും സമൂഹത്തിലും പച്ചക്കറി കൃഷി പരിപാലനം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീടുകളില്‍ ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ഭൂമിയുടെ സമ്പത്തായ മണ്ണ്, ജലം, വായു, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. സെമിനാറിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൊയ്ത്തുപാട്ടും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിത്തു വിതരണവും നടന്നു. കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. മനോജ്കുമാര്‍, നേച്ചര്‍ ക്ലബ്ബ് കണ്‍വീനറും മ്യൂസിക് വിഭാഗം മേധാവിയുമായ പി.എസ്. സഹദ്, നഗരസഭ കൃഷി വിഭാഗം ഫീല്‍ഡ് അസിസ്റ്റന്റ് എം. സുമതി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ടി.പി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.