40 അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാർ വകുപ്പിൻ്റെ ഭാഗമായി

പൊതുജനങ്ങൾക്ക് മികച്ചതും സുതാര്യവുമായ സേവനം ഉറപ്പുവരുത്തുകയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ ലക്ഷ്യമെന്നും അത് കൂടുതൽ ശക്തമാക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായും ഗതാഗത മന്ത്രി ആന്റണി രാജു.

രാമവർമപുരം പൊലീസ് അക്കാദമിയിൽ നാലു മാസത്തെ പരിശീലനം പൂർത്തിയാക്കിയ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരുടെ പാസിങ് ഔട്ട്‌ പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത്
മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് കൂടുതൽ ഊർജ്ജിതമാക്കും.
ഇതിന്റെ ഭാഗമായി വയർലെസ് സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കി വരികയാണ്.
പൊതുജനങ്ങൾക്ക് മാതൃകാപരമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും അത് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന വകുപ്പുകളിലൊന്നാണ് മോട്ടോർ വാഹന വകുപ്പ്. വകുപ്പിൻ്റെ മിക്കവാറും സേവനങ്ങൾ ഓൺലൈനാണ്. സേവനങ്ങൾ സുതാര്യമാക്കുന്നതിൽ വലിയ പങ്കാണ് ഇത് വഹിക്കുന്നത്.
കേരളത്തിൽ 1.6 കോടി വാഹനങ്ങളാണ് നിരത്തുകളിൽ ഉള്ളത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന വകുപ്പാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

40 മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഇൻസ്‌പെക്ടമാരാണ് പരിശീലനം പൂർത്തിയാക്കി സേനയിൽ പ്രവേശിക്കുന്നത്. പരേഡിൽ മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ പി ശ്രീജിത്ത്‌, പി ഷാജൻ എന്നിവർ നേതൃത്വം നൽകിയ രണ്ട് പ്ലറ്റുണുകളാണ് മന്ത്രിക്ക് സല്യൂട്ട് സമർപ്പിച്ചത്. പരിശീലനത്തിൽ മികച്ച ഇൻഡോറായി അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വൈശാഖ്, മികച്ച ഷൂട്ടർ എൻ സാഗർ, മികച്ച ഔട്ട്‌ഡോർ എം ഡി മനോജ്‌ കുമാർ എന്നിവർക്ക്‌ മന്ത്രി പുരസ്‌കാരങ്ങൾ നൽകി.

അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ എഞ്ചിനീയറിംഗ്/മെക്കാനിക്കല്‍ ഡിപ്ലോമയുള്ള 25 പേരെ കൂടാതെ ബിടെക്ക് ഉള്ള 8 പേരും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി. ഉള്ള 1 ആളും, ബിരുദമുള്ള 4 പേരും, ബിരുദാനന്തരബിരുദമുള്ള 2 പേരും ഈ ബാച്ചിലുണ്ട്. അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 40 പേരിൽ സ്ത്രീകളില്ല. ഭൂരിഭാഗം പേരും 35 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 30 നും 35 നും ഇടയിൽ പ്രായമുള്ളവർ 11 പേരും, 25 നും 30 നും ഇടയിൽ പ്രായമുള്ളവർ 2 പേരുമുണ്ട്.

ചടങ്ങിൽ മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ട്രാൻസ്പോർട്ട് കമ്മീഷണർ ആൻഡ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എസ് ശ്രീജിത്ത്, കേരള പൊലീസ് അക്കാദമി ഇൻസ്പെക്ടർ ജനറൽ പൊലീസ് ട്രെയിനിംഗ് കെ സേതുരാമൻ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.