പത്തനംതിട്ട: കോഴഞ്ചേരിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആര്‍മി ടീമിനൊപ്പം ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചു. മൂന്ന് ദിവസമായി കുടുങ്ങി കിടക്കുന്നവരുടെ ആരോഗ്യനില പരിശോധിച്ച് സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ് മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുള്ളത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരെ പൂര്‍ണമായും ദുരിതാശ്വാസ ക്യാമ്പുകളിലെ സേവനത്തിനായി വിനിയോഗിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് എത്തിയിട്ടുള്ള മെഡിക്കല്‍ ടീമിനെ അടൂര്‍ താലൂക്കിലെ വിവിധ ക്യാമ്പുകളില്‍ സേവനത്തിനായി വിന്യസിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്നദ്ധസേവനത്തിനായി എത്തുന്ന മെഡിക്കല്‍ ടീമുകളെ ആവശ്യാനുസരണം വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.