ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുള്ളന്‍കൊല്ലി പഞ്ചായത്ത് ഹാളില്‍ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുളളന്‍കൊല്ലി വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി.
1897 ല്‍ ബ്രിട്ടീഷ് ഡോക്ടര്‍ സര്‍ റൊണാള്‍ഡ് റോസ് മലമ്പനി രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ത്തുന്നത് അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണെന്ന് കണ്ടെത്തിയതിന്റെ വാര്‍ഷികമായാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് 20 ന് കൊതുക് ദിനമായി ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുക, കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബീന ജോസ് കരിമംകുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മേഴ്സി ബെന്നി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ മലേറിയ ഓഫീസര്‍ സി.സി. ബാലന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷൈജു പഞ്ഞിതോപ്പില്‍, പി.കെ. ജോസ്, ജിസ്ര മുനീര്‍, ചന്ദ്രബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്‍. രഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.