അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വേയിലൂടെ കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായുള്ള ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സര്‍വേയിലൂടെ ജില്ലയില്‍ 6443 കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്ക് സഹായകരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് മൈക്രോ പ്ലാന്‍ തയ്യാറാക്കേണ്ടതെന്നും പദ്ധതി നടത്തിപ്പിനായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രസിഡന്റുമാരും ചെയര്‍പേഴ്‌സണ്‍ മാരും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തണമെന്നും പരിപാടിയില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ലൈഫ് മിഷന്‍ പോലുള്ള വിവിധ പദ്ധതികളുടെ സാധ്യതകളുപയോഗിച്ച് അതിദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കാമെന്നും കലക്ടര്‍ അറിയിച്ചു.
അതിദാരിദ്ര നിര്‍ണയ പ്രക്രിയ പിന്നിട്ട വഴികളും അവസ്ഥാ നിര്‍ണയവും മൈക്രോ പ്ലാന്‍ എന്ത്, എന്തിന്, മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ പ്രക്രിയ, വിഭവ സമാഹരണവും സംയോജനവും, മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ പ്രായോഗിക പ്രവര്‍ത്തനം, സംഘടനാ സംവിധാനങ്ങള്‍ നിര്‍വഹണവും മോണിറ്ററിങ്ങും എന്നീ വിഷയങ്ങളിലാണ് പരിശീലനം നടന്നത്. കിലയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരായ വി. രാധാകൃഷ്ണന്‍, കെ. ഗോപാലകൃഷ്ണന്‍, എ. മോഹന്‍, എ.ഡി.സി. (ജി.ഐ) എം.പി. രാമദാസ്, അസിസ്റ്റന്റ് ഡി.പി.ഒ. പ്രവീണ്‍ വി. പള്ളത്ത്, സെന്റര്‍ കോര്‍ഡിനേറ്റര്‍ ബിന്ദു, കുടുംബശ്രീ ഡി.പി.എം. ഡാന്‍ ജെ. വട്ടോളി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ജില്ലാ നോഡല്‍ ഓഫീസറും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജകക്ട് ഡയറക്ടറുമായ കെ.പി. വേലായുധന്‍, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.