പാര്‍ലമെന്ററി സംവിധാനത്തിന്റെ പ്രാധാന്യവും പ്രവര്‍ത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ കുടുംബശ്രീ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി ജില്ലാ ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടത്തിയ ബാല പാര്‍ലമെന്റ് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. വാസു പ്രദീപ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സാമൂഹ്യ വികസനം പ്രോഗ്രാം മാനേജര്‍ കെ.ജെ ബിനോയ് അധ്യക്ഷത വഹിച്ചു. ബാല പാര്‍ലമെന്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ സംസ്‌കരണം, കുട്ടികളുടെ അവകാശങ്ങള്‍, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗം, കൃഷി, ജലസേചനം, പരിസ്ഥിതി, വനം, ഫിഷറീസ്, പൊതുമരാമത്ത്, ഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 95 കുട്ടികള്‍ പങ്കെടുത്തു. പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെക്കുറിച്ച് സി.കെ പവിത്രന്‍ ക്ലാസെടുത്തു. കുട്ടികള്‍ക്കായി മോക്ക് പാര്‍ലമെന്റും സംഘടിപ്പിച്ചു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ കെ.വി ഷെറിന്‍ ബാബു, കെ.പി പ്രീത തുടങ്ങിയവര്‍ സംസാരിച്ചു. ബാല പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച 5 ആണ്‍കുട്ടികളെയും 5 പെണ്‍കുട്ടികളെയും സെപ്റ്റംബര്‍ 3 മുതല്‍ 5 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാല പാര്‍ലമെന്റില്‍ പങ്കെടുപ്പിക്കും.