സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 30 പരാതികൾ തീർപ്പാക്കി. തൊഴിലിടങ്ങളിൽ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളായിരുന്നു പരാതികളിൽ കൂടുതലും.

83 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 5 പരാതികളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കുവാൻ പോലീസിന് നിർദേശം നൽകി. 48 പരാതികൾ അടുത്ത സിറ്റിംഗിലേക്ക്  മാറ്റി.

ഗാർഹിക ചുറ്റുപാടിലുള്ള പരാതികളും സിവിൽ സ്വഭാവമുള്ള പരാതികളും  ആർഡിഒ കോടതി പരിഗണിക്കേണ്ട പ്രശ്നങ്ങളും കമ്മീഷന് മുൻപാകെ ലഭിച്ചു. കമ്മീഷന്റെ അധികാര പരിധിയിൽ വരാത്തവ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് കമ്മീഷൻ അറിയിച്ചു.

തൊഴിലിടങ്ങളിലെ പരാതി പരിഹാര സെല്ലിന്റെ അഭാവത്തെ കുറിച്ച്‌ കമ്മീഷൻ ചൂണ്ടിക്കാണിച്ചു. കോഴിക്കോട് ജില്ലയിലെ സ്കൂളുകളിലെ
പരാതി പരിഹാര സെല്ലിന്റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തെ കുറിച്ചും കമ്മീഷൻ പരാമർശം നടത്തി. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നിയമം അനുശാസിക്കുന്ന  സംവിധാനങ്ങളുടെ അഭാവത്തെ കുറിച്ചും കമ്മീഷൻ പറഞ്ഞു. തൊഴിലിടങ്ങളിൽ പരാതി പരിഹാര സെല്ലുകൾ രൂപികരിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വനിത ശിശു വികസന വകുപ്പിനോട്‌ പറഞ്ഞിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

അഭിഭാഷകരായ പി എ അഭിജ, സി കെ സീനത്ത്, പി മിനി, ടി  ജിഷ, കൗൺസിലർമാരായ എം സബിന, സി അവിന, കെ സുദിന, സുനിഷ റിനു  തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.