രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന്
എത്തുന്നത് 109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ. 12 വിഭാഗങ്ങളിലായി 262
ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിലെ ഐ ടെയിൽസ് വിഭാഗത്തിലെ മുഴുവൻ
ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്. ഐ ഫോണിൽ ചിത്രീകരിച്ച
സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര കഥേതര
വിഭാഗത്തിൽ 17 ചിത്രങ്ങളും ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ 12
ചിത്രങ്ങളും മത്സര വിഭാഗത്തിലെ ലഘു കഥാചിത്രങ്ങളിൽ നാലു ചിത്രങ്ങളും
രാജ്യാന്തര ലഘു കഥാചിത്രങ്ങളിൽ ഏഴു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്
വനിതകളാണ്.

ഇത്തവണത്തെ ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാരം നേടിയ പ്രമുഖ
ഡോക്യുമെന്ററി സംവിധായിക റീന മോഹൻ, ദേശീയ പുരസ്കാര ജേതാവായ
ദിവ്യ കോവാസ്ജി, എം സേതുലക്ഷ്മി, സുധാ പത്മജ ഫ്രാൻസിസ്, അഞ്ജലി
മോണ്ടെയ്റൊ, പൂജ ശ്യാം പ്രഭാത്, മീരാ കൃഷ്ണൻ, മധുമിത വേണുഗോപാൽ, ജി.
സുകന്യ, സവിതാ സിംഗ്, മേഘ ജെ. ഷെട്ടി, ദിവ്യാ ജെസ്സി തുടങ്ങിയവരുടെ
ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തും. റീന മോഹന്റെ
കലാഭായി, സ്കിൻ ഡീപ്, ഓൺ ആൻ എക്സ്പ്രസ്സ് ഹൈവേ തുടങ്ങി എട്ടു
ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

സോണാലി ബിസ്വാസിന്റെ എ റെയർ ഗിഫ്റ്റ്, രാധികാ മൂർത്തിയുടെ ഹൌ വാസ്
ദി ഡേറ്റ്? , കരുണ വിശ്വനാഥന്റെ കുക്ബി, നിശ്ചൽ ശർമയുടെ റിമി എന്നീ
ചിത്രങ്ങൾ ഫോക്കസ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലും പായൽ കപാഡിയയുടെ

എ നൈറ്റ് ഓഫ് നോയിങ് നത്തിങ്, മിറിയം ചാണ്ടി മേനാച്ചേരിയുടെ ഫ്രം ദി
ഷാഡോസ് മിസ്സിംഗ് ഗേൾസ്, റിബാന ലിസ് ജോണിന്റെ ലേഡീസ് ഒൺലി, ഗീതികാ
നരംഗ് അബ്ബാസിയുടെ എ.കെ.എ എന്നിവ ലോങ്ങ് ഡോക്യൂമെന്ററി മത്സര
വിഭാഗത്തിലും ഉൾപ്പെട്ടിട്ടുണ്ട്. ദിവ്യ കോവാസ്ജിയുടെ ദി ഷോ മസ്റ്റ് ഗോ ഓണും
സൂചി പ്രസാദിന്റെ ദി ലിറ്റിൽ ബുക്ക് ഓഫ് ദി ലിറ്റിൽ മാനുമാണ് ലോങ്ങ്
ഫോക്കസ് ഡോക്യുമെന്ററി വിഭാഗത്തിലെ വനിതാ ചിത്രങ്ങൾ. രാധാ ഇന്ദു
റാണയുടെ മ്യുസിക്കൽ വീഡിയോ ധൂപ്- ദി മ്യൂസിക് വീഡിയോ, അനിമേഷൻ
ചിത്രമായ പദ്മശ്രീ മുരളിയുടെ മഞ്ചാടിക്കാലം എന്നിവയും മേളയിൽ
പ്രദർശിപ്പിക്കും.

മീരാ കൃഷ്ണന്റെ 44, മധുര ദലിംഖറിന്റെ മറാത്തി ചിത്രം ദീദി, മെഹക്
ജമാലിന്റെ ബാഡ് എഗ്ഗ്, പുലാവാ കാംഖറിന്റെ ഫിഷ് തുടങ്ങിയ ചിത്രങ്ങളാണ്
ഷോർട്ട് ഫിക്ഷൻ മത്സര വിഭാഗത്തിൽ ഉൾപ്പെടുന്നത്. കാമ്പസ് ഫിലിംസ്
വിഭാഗത്തിൽ ഉൾപ്പെടുന്ന ടേൺ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ശാരിക പി
പ്രസാദാണ്. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.