ഓണത്തിന് ജൈവപച്ചക്കറികൾ വിപണിയിൽ എത്തിക്കാനൊരുങ്ങി മാങ്ങാട്ടിടം പഞ്ചായത്തിലെ സുലഭ പച്ചക്കറി ക്ലസ്റ്റർ. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ വട്ടിപ്രത്ത് പ്രവർത്തിക്കുന്ന ക്ലസ്റ്റർ ഇത്തവണ 13 ഏക്കറിലാണ് കൃഷിയിറക്കിയത്. എല്ലാ വർഷവും ഓണം വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷി ചെയ്യുന്ന കർഷക കൂട്ടായ്മ ഇത്തവണയും പതിവ് തെറ്റിച്ചില്ല. വെണ്ട, പയർ, ചീര, പൊട്ടിക്ക, കക്കിരി, മത്തൻ, ഇളവൻ, മുളക്, വെള്ളരി, പടവലം, കയ്പ്പ, കോവക്ക തുടങ്ങിയവ മൂപ്പെത്തി തുടങ്ങി. ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ വിളവെടുപ്പ് നടത്തും.
കൂത്തുപറമ്പ് ബ്ലോക്കിലെ ഏഴ് കൃഷിഭവനുകളിലേക്കും ഹോർട്ടി കോർപ്പ്, സുരക്ഷ ജൈവ മാർക്കറ്റ്, സമൃദ്ധി ജൈവ വിപണി, കൂത്തുപറമ്പിലെ ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിലേക്കുമാണ് സുലഭ ഓണത്തിന് സുലഭമായി പച്ചക്കറികൾ നൽകുന്നത്. പഞ്ചായത്തിലെ അയ്യപ്പൻതോട്, കരിയിൽ, കൈതേരി, വെള്ളപ്പന്തൽ, എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളിലേക്കും രണ്ട് ആഴ്ചച്ചന്തകളിലേക്കും പച്ചക്കറികൾ വിപണനം ചെയ്യും. ഇടനിലക്കാരില്ലാതെ കർഷകർ നേരിട്ടാണ് വിൽപ്പന.
സംസ്ഥാന സർക്കാരിന്റെ 2020-2021 വർഷത്തെ ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ് സുലഭക്ക് ലഭിച്ചിരുന്നു. കൃഷിഭവനാണ് ആവശ്യമായ പച്ചക്കറി തൈകൾ ലഭ്യമാക്കിയത്. വെജിറ്റബിൾ ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി 1.25 ലക്ഷം രൂപയാണ് ക്ലസ്റ്ററിന് ആനുകൂല്യം ലഭിക്കുന്നത്. കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ മോട്ടോർ വാങ്ങുന്നതിന് 50 ശതമാനം സബ്സിഡിയും മരുന്ന് തളിക്കാനുള്ള യന്ത്രങ്ങളും കൃഷിവകുപ്പ് ലഭ്യമാക്കിയിരുന്നു. കർഷകനായ എ വത്സന്റെ നേതൃത്വത്തിൽ 17 അംഗങ്ങളാണ് ക്ലസ്റ്ററിൽ ഉള്ളത്. ഓണം വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാൽ നല്ല വരുമാനമാണ് ക്ലസ്റ്ററിന് ലഭിക്കുന്നത്.