നാളികേര ഉൽപാദനം  വർദ്ധിപ്പിക്കുന്നതിനായി  സംസ്ഥാന സർക്കാർ ആരംഭിച്ച കേരഗ്രാമം പദ്ധതി പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ ആശ്വാസമേകിയത് 2500ഓളം കേരകർഷകർക്ക്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 250 ഹെക്ടറിൽ 43750 തെങ്ങുകൾക്കാണ് ആനുകൂല്യം കൊടുക്കുന്നത്. 35750 തെങ്ങുകളുടെ  തടം തുറക്കുന്നതിനും ജൈവ വളം, കുമ്മായം എന്നിവ ഇടുന്നതിനുമുള്ള സബ്‌സിഡി കർഷകർക്ക് നൽകി. ഒരു തെങ്ങ് തടം തുറക്കുന്നതിന് 35 രൂപയാണ് ഒരാൾക്ക് സബ്സിഡിയായി ലഭിക്കുന്നത്.
ജൈവവളത്തിന് 25 രൂപയും കുമ്മായത്തിന് ഒമ്പത് രൂപയാണ് സബ്സിഡി നൽകുന്നത്. രോഗം വന്നതും ഉൽപാദന ക്ഷമത കുറഞ്ഞതുമായ 967 തെങ്ങുകൾ മുറിച്ചുമാറ്റി. മുറിച്ചുമാറ്റിയ ഓരോ തെങ്ങിനും  1000 രൂപ വീതം സബ്‌സിഡി നൽകി. പകരം പുതിയ തെങ്ങുകൾ വെക്കാൻ തൈ ഒന്നിന്  50 രൂപ സബ്‌സിഡി അനുവദിച്ചു.  മുറിച്ചു മാറ്റിയ തെങ്ങുകൾക്ക് പകരം 650 തൈകൾ  വിതരണം ചെയ്തു. 70 കർഷകർക്ക് പമ്പ് സെറ്റ് വാങ്ങുന്നതിന് 5.7 ലക്ഷം രൂപ സബ്‌സിഡിയായി നൽകി. ഇതിന് പുറമെ 61 തെങ്ങ് കയറ്റ യന്ത്രവും കർഷകർക്ക് വിതരണം ചെയ്തു.