മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച്‌ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി സുനില്‍കുമാര്‍. പഞ്ചായത്തിലെ വയോജന പാര്‍ക്ക്, ജനകീയ ഹോട്ടല്‍ എന്നിവ സന്ദർശിക്കുകയും ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഭാവിയില്‍ കുടുംബശ്രീ കാന്‍റീന്‍ വിപുലീകരിച്ച് സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണവും കാന്‍റീന്‍ വഴി വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ദേശീയ അടിസ്ഥാനത്തില്‍ നടക്കുന്ന പഞ്ചായത്തിരാജ് യോഗങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നതിന് മുള്ളൂര്‍ക്കരയുടെ പ്രവര്‍ത്തനങ്ങളുടെ ടെലിഫിലിം നിര്‍മ്മിച്ച് സമര്‍പ്പിക്കുന്നതിന് ഭരണസമിതിയോട് നിര്‍ദ്ദേശിച്ചു.

പഞ്ചായത്ത് സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ് പദ്ധതി വിശദീകരണവും സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മേലേടത്ത്, വൈസ് പ്രസിഡന്‍റ് ബി കെ തങ്കപ്പന്‍, മറ്റ് അംഗങ്ങള്‍, സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശ്, കില ഡെപ്യൂട്ടി ഡയറക്ടര്‍ പി എം ഷെഫിക്, തൃശൂർ പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ സിദ്ദിഖ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.