ജില്ലാ എപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ ജില്ലയിൽ 33.50 ലക്ഷം രൂപ വായ്പയായി അനുവദിച്ചു. 67 അപേക്ഷകർക്ക് 50000 രൂപ വീതം വായ്പ അനുവദിക്കാൻ ശരണ്യ ജില്ലാതല സമിതിയാണ് തീരുമാനിച്ചത്. 50000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. ഇതിൽ പരമാവധി 25,000 രൂപ വരെ സബ്‌സിഡി നൽകും. ബാക്കി 60 മാസത്തവണകളായി തിരിച്ചടക്കണം.
2022 ജനുവരി മുതൽ ജൂലൈ 31 വരെ കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, വൈക്കം, പാലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന ലഭിച്ച അപേക്ഷകൾക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ചേർന്ന പതിനൊന്നാമതു ശരണ്യ ജില്ലാതല സമിതി അംഗീകാരം നൽകി.
ഇലക്ട്രോണിക് ഉപകരണങ്ങൾ വാടകയ്ക്ക് നൽകൽ, ഡി.ടി.പി, ഓൺലൈൻ സേവനങ്ങൾ, സ്റ്റേഷനറി, കേക്ക് നിർമാണം, ചപ്പാത്തി നിർമാണം, പപ്പടം നിർമാണം, തഴപ്പായ നിർമാണം, തുണിവ്യാപാരം, തയ്യൽ, ആടുവളർത്തൽ, കോഴിവളർത്തൽ, പന്നി വളർത്തൽ, മീൻ വളർത്തൽ, കക്ക വ്യാപാരം, പച്ചക്കറി വ്യാപാരം, ചവിട്ടി വിൽപന, ലോട്ടറി വിൽപന, മരച്ചീനി കൃഷി, തുടങ്ങിയ പദ്ധതികൾക്കാണ് ശരണ്യപദ്ധതിയിൽ വായ്പ അനുവദിച്ചത്.

ദുർബല വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഭർത്താവ് മരിച്ച തൊഴിൽരഹിതരായ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിച്ച/ ഭർത്താവിനെ കാണാതായ സ്ത്രീകൾ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, ഭർത്താവ് കിടപ്പിലായവർ എന്നിവർക്കായി സർക്കാർ നടപ്പാക്കുന്നതാണ് പദ്ധതി.

യോഗത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എ.ആർ. അജിത്ത്, എംപ്ലോയ്‌മെന്റ് ഓഫീസർ (സ്വയം തൊഴിൽ) കെ.ആർ. ജയകൃഷ്ണൻ, ശിരസ്തദാർ എൻ.എസ്. സുരേഷ്‌കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു, കുടുംബശ്രീ ജില്ലാ പ്രോജക്ട് മാനേജർ പ്രശാന്ത് ശിവൻ, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് വ്യവസായ ഓഫീസർ എസ്.ടി. ശരത്‌ലാൽ, സാമൂഹികനീതി വകുപ്പ് സീനിയർ സൂപ്രണ്ട് എം.പി. പ്രമോദ്കുമാർ എന്നിവർ പങ്കെടുത്തു.