ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാവുന്നു. കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ധർമ്മടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയത്തിന്റെ പ്രവൃത്തി സെപ്റ്റംബർ അവസാന വാരത്തോടെ പൂർത്തിയാകും. 
കെട്ടിട നിർമാണം പൂർത്തിയായി. കായിക താരങ്ങൾക്കായി രണ്ട് ഡ്രസിംഗ് മുറികളും അഞ്ച് ശുചിമുറികളുമാണ് ഇതിലുള്ളത്. 66 മീറ്റർ വീതിയും 74 മീറ്റർ നീളവുമുള്ള ഗ്രൗണ്ടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവിടെ പുൽത്തകിടി വെച്ചുപിടിപ്പിക്കും. ദേശീയ മത്സരങ്ങൾ നടത്താനാവുന്ന രീതിയിലാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്. 
പ്രധാനമായും ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ്  നിർമ്മാണം. പവലിയനിൽ ഉൾപ്പടെ 1200  പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. ഗ്രൗണ്ടിന് ചുറ്റും ഇന്റർലോക്ക് പതിക്കും. ക്രിക്കറ്റ് പരിശീലനത്തിനായി നെറ്റ് സൗകര്യവും ഒരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയം ഭാവിയിൽ പരിപാലിക്കുക. കിറ്റ്കോ കൺസൽട്ടൻസിക്കാണ് നിർമാണ ചുമതല.
ഗ്രാമീണ കായിക മേഖലയെ ശക്തിപ്പെടുത്തുക, പുതിയ കായിക താരങ്ങളെ വളർത്തിയെടുക്കുക, പ്രാദേശികമായി കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്റ്റേഡിയം നവീകരിക്കുന്നത്.