ഖരമാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതമാക്കാൻ ഒരുങ്ങി കുന്നംകുളം നഗരസഭ. നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ 30വരെ നഗരസഭയില്‍ പദ്ധതി ഊര്‍ജിതപ്പെടുത്തും. ഇതിന്റെ ഭാഗമായി ഉച്ചഭാഷിണി പ്രചരണം, കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വാര്‍ഡുതല സര്‍വേ, ഗൂഗിള്‍ മാപ്പിങ് തുടങ്ങിയ നടത്തും. പദ്ധതിയോട് സഹകരിക്കാത്തവരെ കണ്ടെത്തി നഗരസഭ നോട്ടീസ് നല്‍കും.

വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം പിഴ ഈടാക്കും. എല്ലാ വാര്‍ഡുകളിലും പദ്ധതി വിജയിപ്പിക്കുന്നതിന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള ഇക്കോഗ്രീന്‍ കമ്മറ്റികള്‍ പ്രതിമാസം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഹരിതകര്‍മ സേനയ്ക്ക് മാലിന്യം നല്‍കുന്നതിന് കുടംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി പ്രചരണപരിപാടികളും സംഘടിപ്പിക്കും.

വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പി കെ ഷെബീര്‍, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി മനോജ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി എ വിനോദ്, എ മോഹൻദാസ്, കൗണ്‍സിലര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.