വടക്കാഞ്ചേരി നഗരസഭയുടെ അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന ഉപ പദ്ധതിക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം. ആകെ 1.5 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 91 കുടുംബങ്ങളാണ് അതിദാരിദ്ര്യ മൈക്രോപ്ലാനിലുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നഗരസഭയിലെ എല്ലാ അതിദരിദ്ര കുടുംബങ്ങള്‍ക്കും അതിജീവനം സാധ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ പി എൻ സുരേന്ദ്രന്‍ പറഞ്ഞു.

മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ എംഎസ്ഡബ്യു വിദ്യാർത്ഥികൾ ഭവനസന്ദര്‍ശനം നടത്തി തയ്യാറാക്കിയ വിവരങ്ങൾ കൗണ്‍സില്‍ പരിശോധിച്ച് വാര്‍ഡുതല സമിതിക്ക് അയച്ചിരുന്നു. വാര്‍ഡുതല സമിതി പരിശോധിച്ച് ശുപാര്‍ശകളോടെ തയ്യാറാക്കിയ മൈക്രോപ്ലാന്‍ നഗരസഭാതല സമിതി ചേര്‍ന്ന് ശില്‍പശാല നടത്തി പരിശോധിച്ചു. ശേഷം ബന്ധപ്പെട്ട എല്ലാ കോര്‍ഡിനേറ്റര്‍മാരും കൂടിയിരുന്ന് മൈക്രോപ്ലാന്‍ തയ്യാറാക്കി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് തയ്യാറാക്കിയ കരട് മൈക്രോപ്ലാന്‍ ആണ് അംഗീകാരത്തിനായി കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചത്.

സ്വന്തമായി വീടില്ലാത്ത അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വീട് അനുവദിക്കുന്നതിന് ലൈഫ് പദ്ധതിയുടെ സഹായത്തോടെ 96 ലക്ഷം രൂപ വകയിരുത്തി. കുടുംബശ്രീ കെട്ടിടനിര്‍മ്മാണ യൂണിറ്റിനെ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുക. സ്വച്ഛ് ഭാരത് മിഷന്‍റെ സഹായത്തോടെ ശൗചാലയ പുനരുദ്ധാരണത്തിന് അഞ്ചു ലക്ഷം രൂപ വകയിരുത്തി. നഗരസഭ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഭവന പുനരുദ്ധാരണം, കിണര്‍ റിപ്പയറിംഗ് എന്നിവയ്ക്കായി 15 ലക്ഷം രൂപ വകയിരുത്തി.

അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ക്ക് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുന്നുണ്ട്. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും തീരുമാനിച്ചു. മാനസികാസ്വാസ്ഥ്യം ഉള്ളതും സ്വന്തമായി ഒരിടത്തും താമസിക്കാത്തവരും അലഞ്ഞുതിരിഞ്ഞുനടക്കുന്നവരുമായ മൂന്ന് പേര്‍ ഈ ലിസ്റ്റിലുണ്ട്. അവര്‍ക്ക് ആവശ്യപ്പെടുന്നപക്ഷം എവിടെ വെച്ചായാലും ഭക്ഷണം നല്‍കുന്നതിന് ഹോട്ടല്‍ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷന്‍റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഘടകങ്ങളിലെല്ലാം തന്നെ ആവശ്യമായ തുക വകയിരുത്തി അടുത്തുതന്നെ ഡിപിസി അംഗീകാരത്തിന് നഗരസഭ പദ്ധതി സമര്‍പ്പിക്കുന്നതാണ്. നിലവിലുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് 1.50 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ വിഭാവനം ചെയ്യുന്നത്.

ഉപപദ്ധതി പ്രകാരം പരിഗണിക്കപ്പെട്ട 91 കുടുംബങ്ങള്‍ക്ക് പുറമെ പദ്ധതി നിര്‍ണ്ണയസമയത്ത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളവര്‍ക്കും തുടര്‍പദ്ധതികളുടെ ആനുകൂല്യം നൽകും. ഓരോ കുടുംബത്തിനും ഓരോ മൈക്രോപ്ലാന്‍ ആണ് തയ്യാറാക്കിയിട്ടുള്ളത്. സമയബന്ധിതമായി ഈ പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് നഗരസഭ സ്റ്റിയറിംങ് സമിതി മോണിറ്ററിംങ് നിര്‍വ്വഹിക്കും.

യോഗത്തില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ആര്‍ അരവിന്ദാക്ഷന്‍, ജമീലാബി എ എം, സി വി മുഹമ്മദ് ബഷീര്‍, സ്വപ്ന ശശി, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, മുന്‍സിപ്പല്‍ എഞ്ചിനിയര്‍ മഹേന്ദ്ര പി എ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍ എന്‍ ഡി എന്നിവര്‍ സംസാരിച്ചു.