ഡെവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ അവാര്‍ഡ്

പൊതുനയത്തിലെ ആശയങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷന്‍ അവാര്‍ഡ്’ കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി. ജനകീയ മുന്നേറ്റം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതി വികസന ഇടപെടലുകള്‍ (ഡെവലപ്പ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍) എന്ന വിഭാഗത്തിലാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. 2018, 2019, 2020 വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളും പുതുമയാര്‍ന്ന പദ്ധതികളും പരിഗണിച്ചാണ് അവാര്‍ഡ്. 2018 ജനുവരിയില്‍ മാനാഞ്ചിറ മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളുടെയും മുഴുവന്‍ വകുപ്പുകളുടെയും ഏകോപനത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി മുന്നോട്ട് പോവുന്നത്. എല്ലാ മേഖലകള്‍ക്കും പ്രാധാന്യം നല്‍കി നിരവധി നൂതന വികസന പദ്ധതി പരിപാടികളും ക്ഷേമ നടപടികളും ‘നമ്മുടെ കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായി ഫലപ്രദമായി ആവിഷ്‌ക്കരിച്ച് നടപ്പില്‍ വരുത്തുകയാണ്. മികച്ച ജനപിന്തുണയോടെ മാതൃകപരമായ നിലയില്‍ മിഷന്‍ കോഴിക്കോട് എന്ന പേരില്‍ തയ്യാറാക്കിയ സമഗ്ര രൂപരേഖയുടെ അടിസ്ഥാനത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തി.

അങ്കണവാടികളുടെ നവീകരണവും ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കിയ ‘ക്രാഡില്‍’, കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതും അവരുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി ആരംഭിച്ച ‘എനേബിളിങ്ങ് കോഴിക്കോട്’, തെരുവില്‍ കഴിയുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്തിയ ‘ഉദയം’, ക്ഷേമഭവനങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ‘ഹാപ്പി ഹില്‍’, പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങള്‍ക്ക് ഏകോപനം സാധ്യമാക്കിയ ‘കാര്‍ബണ്‍ ന്യൂട്രല്‍’ ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാതൃകകളായി.

ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ പാഠ്യ – പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമേകുകയും ഊര്‍ജിതപ്പെടുത്തുകയും ചെയ്ത ‘എഡ്യുമിഷന്‍’, ഒപ്പം മെഗാ പരാതി പരിഹാര അദാലത്ത്, പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി തുടക്കമിട്ട ‘ഉയരാം ഒന്നിച്ച്’, വ്യവസായ മേഖലയിലെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി രൂപം നല്‍കിയ ‘എന്റര്‍പ്രൈസിങ്ങ് കോഴിക്കോട്’ തുടങ്ങിയവ ‘നമ്മുടെ കോഴിക്കോട്’ എന്ന ബൃഹദ് പദ്ധതിയ്ക്ക് കീഴില്‍ ഒരുങ്ങിയ പദ്ധതികളാണ്. കൂടാതെ, വ്യക്തി ശുചിത്വം, മാലിന്യ പരിപാലനം, ആരോഗ്യകരമായ ജീവിത ശൈലി, മാനസികാരോഗ്യം, കാന്‍സര്‍ – ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങിയ വിവിധങ്ങളായ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നിരവധി ബോധവത്കരണ ക്യാമ്പയിന്‍ പരിപാടികള്‍ക്കും ഊന്നല്‍ നല്‍കി.

ഭരണകൂടവും പൊതുജനങ്ങളുമായുള്ള ആശയവിനിമയം സുഗമവും ഫലപ്രദമാക്കുന്നതിനു പൗരരെയും ഉദ്യോഗസ്ഥരെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതിന് ‘നമ്മുടെ കോഴിക്കോട്’ വഴിയൊരുക്കി.