ഗവ.ഗസ്റ്റ് ഹൗസ് അഡീഷണല്‍ ബ്ലോക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു

വിനോദസഞ്ചാര വകുപ്പിന്റെ വെസ്റ്റ്ഹില്ലിലുള്ള ഗവ.ഗസ്റ്റ് ഹൗസ് അഡീഷണല്‍ ബ്ലോക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

ഏഴ് സ്യൂട്ടുകള്‍ ഉള്‍പ്പടെ 37 മുറികളാണ് ഗസ്റ്റ് ഹൗസിലുള്ളത്. സ്യൂട്ട് മുറികള്‍ വി.ഐ.പികള്‍ക്കായി മാറ്റിവെക്കും. ബാക്കി മുറികള്‍ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് ഗസ്റ്റ് ഹൗസ് ബുക്കിങ് സംവിധാനത്തിലൂടെ ബുക്ക് ചെയ്യാം. ശുചിമുറികളോട് കൂടിയ എയര്‍കണ്ടീഷന്‍ ചെയ്ത ഡബിള്‍ റൂമുകളാണ് എല്ലാം. 60 ലധികം പേര്‍ക്ക് ഇരിക്കാനാവുന്ന ഡൈനിംഗ് റൂം, 70 ലധികം പേരെ ഉള്‍കൊള്ളാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, 25 പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ മീറ്റിങ് ഹാളും ഭക്ഷണ സൗകര്യവും ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരിക്കും. stateprotocol.kerala.gov.in, gad.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.എസ് സത്യഭാമ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ്, റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ അഭിലാഷ് കുമാര്‍, മുന്‍ എം.എല്‍.എ എ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.