വിപണിയിലേക്കിനി ‘നടയകം’ അരിയുമെത്തും. 25 ശതമാനം തവിട് കളഞ്ഞ ഗുണമേന്മയുള്ള നാടന്‍ പുഴുങ്ങലരിയാണ് തിക്കോടിക്കാര്‍ നടയകം എന്ന പേരിലിറക്കുന്നത്. തിക്കോടി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയില്‍ പുറക്കാട് നടയകം പാടശേഖരത്തില്‍ കൃഷിചെയ്ത നെല്ലാണ് ‘നടയകം’ എന്ന പേരില്‍ അരിയാക്കി ഇറക്കുന്നത്.

നടയകത്തെ 30 ഏക്കര്‍ സ്ഥലത്താണ് ഉമ എന്നയിനം നെല്‍വിത്ത് കൃഷിചെയ്തത്. കാലംതെറ്റിപെയ്ത മഴ വില്ലനായെങ്കിലും അവശേഷിക്കുന്ന നെല്ല് അരിയാക്കി മാറ്റുകയായിരുന്നു. നെല്ല് കണ്ണൂരിലുള്ള മില്ലിലെത്തിച്ചാണ് പുഴുങ്ങി തവിട് കളഞ്ഞ് അരിയാക്കി മാറ്റിയത്. പഞ്ചായത്തിന്റെ സഹകരണത്തോടെ നടയകം പാടശേഖര സമിതിയാണ് അരി ഇറക്കുന്നത്.

ജില്ലയില്‍ ആദ്യമായാണ് കതിരണി പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് അരി ഇറക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പഞ്ചായത്തിലുള്ളവര്‍ക്ക് നടയകം അരി ലഭ്യമാക്കാനാണ് ലക്ഷ്യം. രണ്ട്, രണ്ടര, അഞ്ച് കിലോ പാക്കുകളിലാക്കിയാണ് അരി വില്‍പന നടത്തുക. ഇതിനായി പാടശേഖര സമിതി പഞ്ചായത്തില്‍ യൂനിറ്റ് ആരംഭിക്കും. കൂടാതെ ഓണ ചന്തയിലുടെയും വില്‍പന നടത്താന്‍ പദ്ധതിയുണ്ട്.

ജില്ലയിലെ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ജില്ലാപഞ്ചായത്ത് കതിരണി പദ്ധതി ആരംഭിച്ചത്. തിക്കോടിയിലെ നടയകം പാടശേഖരത്തെയും പദ്ധതിയിലുള്‍പ്പെടുത്തിയതോടെ രണ്ടര പതിറ്റാണ്ടിന് ശേഷം പാടം വീണ്ടും കതിരണിഞ്ഞു. പഞ്ചായത്തും പുറക്കാട് നടയകം പാടശേഖര സമിതിയും സംയുക്തമായാണ് നെല്‍കൃഷി ഇറക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളും കാര്‍ഷിക യന്ത്രവല്‍ക്കരണമിഷനും കൂട്ടായെത്തിയതോടെ കൃഷി വേഗത്തിലായി.

മുഴുവന്‍ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിലൂടെ പഞ്ചായത്തിലേക്കാവശ്യമായ അരി ഇവിടെ തന്നെ ഉത്പ്പാദിപ്പിക്കാന്‍ സാധിക്കും. അതിന്റെ ആദ്യപടിയായാണ് നടയകം പാടശേഖരത്ത് കൃഷിയിറക്കിയത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനാണ് പദ്ധതി.