പച്ചപ്പുല്ലിന്റെ പരവതാനി നിറഞ്ഞ മുറ്റം, ചുവന്ന ഇഷ്ടികകളില്‍ പണിത മനോഹരമായ കെട്ടിടം, കോടഞ്ചേരിയിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രം ആരുടെയും കണ്ണഞ്ചിപ്പിക്കും. വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്താണ് ഈ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

ആധുനിക സൗകര്യങ്ങളോടുകൂടിയ ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, മറ്റു പൊതുശുചിമുറികള്‍, മുലയൂട്ടല്‍ കേന്ദ്രം, വിശ്രമകേന്ദ്രം, നാപ്കിന്‍ നിര്‍മ്മാര്‍ജ്ജന സൗകര്യം, ഇരിപ്പിടം, പൂന്തോട്ടം എന്നിവയാണ് ശുചിത്വ മിഷന്റെ ‘ടേക് എ ബ്രേക്ക്’ ന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുള്ളത്. മികച്ച ഡിസൈനില്‍ മനോഹരമായ ചെറു പൂന്തോട്ടത്തോടു കൂടി ക്രമീകരിച്ചിട്ടുള്ള വിശ്രമ കേന്ദ്രം പരിപാലിക്കുന്നത് പഞ്ചായത്ത് ഹരിതകര്‍മ്മസേനയാണ്.

പഞ്ചായത്തിന്റെ വിവിധ ഫണ്ടുകളില്‍ നിന്നായി 31 ലക്ഷം രൂപ ചെലവിലാണ് ടേക് എ ബ്രേക്ക് നിര്‍മ്മിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും നല്ല അഭിപ്രായമാണെന്നും ഇതിനോട് ചേര്‍ന്ന് പുതിയ റെസ്റ്റോറന്റ് കൂടി ആരംഭിക്കുന്നുണ്ടെന്നും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് എഞ്ചിനീയര്‍ അരുണ്‍ചന്ദാണ് കേന്ദ്രത്തിന്റെ ഡിസൈന്‍ തയ്യാറാക്കി പദ്ധതി നിര്‍വ്വഹണം നടത്തിയത്