കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തൃശ്ശിലേരി പവർലൂം പാടശേഖരത്തിൽ സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവം പാടത്ത് ഞാറ് നട്ട് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. വയനാടിൻ്റെ കാർഷിക പാരമ്പര്യവും പൈതൃകവും ഉണർത്തി തൃശ്ശിലേരിയിൽ നടത്തിയ കമ്പളനാട്ടി നാടിന് ഉത്സവമായി. ആദിവാസി ഗോത്ര വിഭാഗത്തിൻ്റെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഒരു നാട് മുഴുവൻ കമ്പള നാട്ടിയിൽ പങ്കാളികളായി. പരമ്പരാഗത നെൽ വിത്തിനമായ ചെറിയ തൊണ്ടിയിലാണ് പാടത്ത് നാട്ടിയൊരുക്കിയത്. വയലേലകളുടെ നാട്ടിൽ വയൽനാടിൻ്റെ തനിമ ഒട്ടും ചോരാതെ കമ്പളനാട്ടിക്ക് ദൃശ്യചാരുത നൽകി ഒരു ഗ്രാമവും ഗ്രാമീണരും. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നുമായി ഇരുന്നൂറോളം പേർ ഒരേ മനസ്സോടെ കമ്പളനാട്ടി ഉത്സവത്തിൻ്റെ ഭാഗമായി. 5 ഏക്കറോളം വരുന്ന പാടശേഖരത്താണ് കമ്പളനാട്ടി സംഘടിപ്പിച്ചത്. ഗ്രാമത്തിലെ കുട്ടികൾക്ക് മൺമറഞ്ഞു പോകുന്ന കാർഷിക സ്മരണകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായി കമ്പളനാട്ടി. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ. സുശീല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. ബേബി, ജയരാജൻ, എ.സി ഉണ്ണികൃഷ്ണൻ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ പി. വാസു പ്രദീപ്, സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ ടി.വി. സായി കൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി തുടങ്ങിയവർ സംസാരിച്ചു.