ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനും കടലാസ് രഹിത സ്ഥാപനമാക്കുന്നതിനു മായുള്ള ഇ-ഹെൽത്ത് സംവിധാനം എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ ലിസി ജോണിന് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജെംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു.

രോഗ വിവരങ്ങൾ, രോഗിക്ക് നൽകിയ മരുന്നിന്റെ വിവരങ്ങൾ, പരിശോധന ഫലങ്ങൾ എന്നിവ ഓൺലൈനായി സൂക്ഷിക്കുവാനും കൈവശം കുറിപ്പടികളില്ലാതെയും ക്യൂ നിൽക്കാതെയും രോഗികൾക്ക് ഡോക്ടർമാരെ കാണുന്നതിനും ഇ-ഹെൽത്ത് സംവിധാനത്തിലൂടെ സാധിക്കും. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുവാനും ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളും ടെസ്റ്റുകളും യഥാസമയം ഫാർമസിയിലേക്കും ലാബിലേക്കും അയയ്ക്കുവാനും സമയ നഷ്ടം ഒഴിവാക്കുവാനും ഇതുവഴി സാധിക്കും. നിരവധി പ്രയോജനം ലഭിക്കുന്ന ഇ-ഹെൽത്ത് സംവിധാനത്തിന്റെ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായുള്ള പ്രവർത്തികൾ എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു.
ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷിഹാബ് അയാത്ത്, ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി, മെമ്പർമാരായ അഹമ്മദ് കുട്ടി ബ്രാൻ, എം.പി. വത്സൻ, മെഡിക്കൽ ഓഫീസർ ഡോ. കെ.സി. പുഷ്പ തുടങ്ങിയവർ സംസാരിച്ചു.