കലാപരിപാടികളുടെ ഷെഡ്യൂൾ തയ്യാറായി

കോവിഡും പ്രളയവും കവർന്ന രണ്ട് വർഷത്തിന് ശേഷം ജില്ലയുടെ ഓണാഘോഷം വർണാഭമാക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സെപ്റ്റംബർ 7 മുതൽ 11 വരെ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൻ്റെ സംഘാടകസമിതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംഘാടകസമിതിയും വിവിധ സബ് കമ്മിറ്റികളും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നതിനുള്ള ശ്രമത്തിലാണ്. ജില്ലാ കേന്ദ്രത്തിലെ ആഘോഷത്തിനുപുറമെ ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്രാദേശിക സംഘാടകസമിതികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഓരോ കേന്ദ്രങ്ങളിലും കലാ – വിനോദ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ ജലോത്സവങ്ങളും നടക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയുടെ സാംസ്കാരിക പ്രൗഢി വിളിച്ചോതുന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ശേഷമെത്തുന്ന ഓണാഘോഷം വർണ്ണാഭമാക്കാൻ ഏവരുടെയും സഹകരണവും ജില്ലാ കലക്ടർ തേടി.

സി എം എസ് സ്കൂളിന് എതിർവശം തേക്കിൻകാട് മൈതാനിയിലെ വേദിയിൽ 7ന് വൈകിട്ട് 4.30ന് പഞ്ചവാദ്യത്തോടെ കലാപരിപാടികൾക്ക് തുടക്കമാകും. 5.30 ന് ഉദ്ഘാടന ചടങ്ങ്. തുടർന്ന് കലാമണ്ഡലത്തിലെ സംഘം അവതരിപ്പിക്കുന്ന നൃത്തം, നന്ദകിഷോർ അവതരിപ്പിക്കുന്ന വൺമാൻ കോമഡി ഷോ, മ്യൂസിക് ബാൻഡിൻ്റെ സംഗീതവിരുന്ന് എന്നിവയുമുണ്ടാകും.

8 ന് വൈകിട്ട് 5.30ന് കലാഭവൻ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്, 7.30 ന് റാസ – ബീഗം അവതരിപ്പിക്കുന്ന ഗസൽ രാവ് എന്നിവയുണ്ടാകും. 9 ന് കൊച്ചിൻ ഹീറോസിൻ്റെ മെഗാഷോ, ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, 10 ന് വൈകിട്ട് 5.30ന് തൈവമക്കൾ അവതരിപ്പിക്കുന്ന നാടൻപാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവ വേദിയിലെത്തും.

അവസാന ദിവസമായ 11 ന് ഉച്ചയ്ക്ക് ശേഷം നഗരത്തിൽ വിവിധ സംഘങ്ങൾ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. വൈകീട്ട് 6ന് സമാപനസമ്മേളനം നടക്കും. 7.30 ന് തൃശൂർ കലാസദൻ്റെ മ്യൂസിക് നൈറ്റോടെ ഓണാഘോഷം സമാപിക്കും. തുടർന്ന് മികച്ച പുലിക്കളി ടീമുകൾക്കുള്ള പുരസ്കാരവിതരണം നടക്കും.

ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന സംഘാടക സമിതി അവലോകന യോഗത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, ഡിടിപിസി സെക്രട്ടറി ജോബി ജോർജ്, ആർഡിഒ പി എ വിഭൂഷണൻ, എഡിഎം റെജി പി ജോസഫ്, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.