“ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണിത്. തനതു പ്രത്യേകതകളും ആരെയും ആകർഷിക്കുന്ന പ്രകൃതി രമണീയതയും, കലാസാംസ്കാരിക തനിമയും, ചരിത്ര പ്രാധാന്യവും, ഭക്ഷണവൈവിധ്യവും, ഗ്രാമീണ ജീവിത രീതികളുമെല്ലാം കൊണ്ട് സമൃദ്ധമായ നാട് ” ബേപ്പൂരിനെക്കുറിച്ച് വർണ്ണിക്കാൻ ഡോ.ഹരോൾഡ് ഗുഡ്‌വിന് നൂറു നാവ്. വേൾഡ് ട്രാവൽ മാർക്കറ്റ് ജൂറി ചെയർമാനും ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം സ്ഥാപകനുമായ ഹരോൾഡ് കടലുണ്ടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെ പറഞ്ഞ വാക്കുകളാണിത്.

കടലുണ്ടി പഞ്ചായത്തിലെ കയർ സൊസൈറ്റി, ഖാദി നെയ്ത്തു കേന്ദ്രം, ചെണ്ടുമല്ലി കൃഷി, കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച ഹരോൾഡ് കൗതുകത്തോടെയാണ് കാര്യങ്ങൾ കണ്ടു മനസ്സിലാക്കിയത്. കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചും സുസ്ഥിര വികസനം സാധ്യമാകേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും വാചാലനായ ഹരോൾഡിന് ചാലിയാറിലൂടെയുള്ള യാത്ര ഏറെ ഇഷ്ടമായി.

ചെണ്ടുമല്ലി കൃഷി കാണാനെത്തിയ ഹരോൾഡിനെ പൂമാലയണിയിച്ചാണ് കർഷകർ സ്വീകരിച്ചത്. പരമ്പരാഗത കയർ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഖാദി നെയ്ത്തു കേന്ദ്രത്തിലെത്തിയ ഹരോൾഡിന് നെയ്ത്ത് ഹൃദ്യാനുഭവമായി മാറി.സുസ്ഥിര വികസനത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര മേഖലയിലെ ജനകീയ ഇടപെടൽ സാധ്യമാക്കുന്ന മാതൃകാ പദ്ധതിയായ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിനും ബേപ്പൂരിലെ സാർവദേശീയ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി മാറ്റുന്നതിനും വേണ്ടി ആഗോള സുസ്ഥിര ടൂറിസം നേതാക്കൾ ബേപ്പൂർ സന്ദർശിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദർശനം.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ആസൂത്രണസമിതി ഉപാധ്യാക്ഷൻ ഗംഗാധരൻ മാഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ രൂപേഷ് കുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ ബിജി സേവ്യർ, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീകലാ ലക്ഷ്മി, വാർഡ് മെമ്പർമാർ തുടങ്ങിയവർ ഹരോൾഡിനൊപ്പമുണ്ടായിരുന്നു.