പൂക്കോട് സാംസ്കാരിക കായിക സമുച്ചയം നാടിന് സമർപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ കായിക ടീമുകളെ വാർത്തെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

കായികക്ഷമതയുള്ള ജനതയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

അമൃത് പദ്ധതി പ്രകാരം നിർമ്മിച്ച പൂക്കോട് സാംസ്കാരിക നിലയം ഗ്രൗണ്ടിന്റെ നിർമ്മാണത്തിനായി 1.59 കോടി രൂപയാണ് വിനിയോഗിച്ചത്. നഗരസഭയിലെ ആദ്യത്തെ കായിക സാംസ്കാരിക സമുച്ചയം പൂക്കോട് പ്രദേശത്ത് 143 സെന്റ് സ്ഥലത്താണ് ഒരുക്കിയിട്ടുള്ളത്. പുൽത്തകിടി വിരിച്ച ഫുട്ബോൾ ഗ്രൗണ്ട്, ഇൻന്റോർ ബാസ്കറ്റ്ബോൾ കോർട്ട്, ഇൻന്റോർ ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട്, സ്പോർട്സ് സെന്റർ, വിശാലമായ പാർക്കിങ്ങ് ഗ്രൗണ്ട്, കളിക്കുന്നതിനും വ്യായാമത്തിനും ഉപകാരപ്രദമായ ആധുനിക ഉപകരണങ്ങൾ, ശുചിമുറികൾ, കഫറ്റീരിയ എന്നീ സൗകര്യങ്ങളോടെയാണ് സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. കൂടാതെ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ മനോഹരമായ പാർക്കും ഒരുക്കിയിട്ടുണ്ട്.

പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലീല റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, നഗരസഭാ വൈ.ചെയ്ർമാൻ അനിഷ്മ ഷനോജ്, നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ടി ശിവദാസൻ, സെക്രട്ടറി ബീന എസ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ, ഷൈലജ സുധൻ, സിനിമാ താരം ശിവജി ഗുരുവായൂർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.