ദുരന്തനിവാരണ സാക്ഷരതയുള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടീം കേരള – കേരള യൂത്ത് ഫോഴ്സ് പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻതല ക്യാപ്റ്റൻമാരുടെ ദ്വിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന എല്ലാ സേനകളുടെയും പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളിലേയ്ക്ക് വികേന്ദ്രീകരിച്ച സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പൊലീസ് അക്കാദമിയിൽ നടന്ന ദ്വിദിന ക്യാമ്പിൽ നൂറോളം പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തല ക്യാപ്റ്റൻമാരാണ് പങ്കെടുത്തത്. യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഫയർഫോഴ്സ് ഓഫീസർ അരുൺ ഭാസ്കർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി ടി സബിത, ജില്ല ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.