സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഓണം ജില്ലാ ഫെയര്‍ തുടങ്ങി. കല്‍പ്പറ്റ എന്‍.എം.ഡി.സി ഹാളില്‍ നടക്കുന്ന ഓണം ഫെയറിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു . ചടങ്ങില്‍ കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയം തൊടി മുജീബ് ആദ്യ വില്‍പ്പന നടത്തി. സെപ്റ്റംബര്‍ 7 വരെയാണ് ജില്ലാ ഫെയര്‍. മാവേലി ഔട്ട്‌ലെറ്റുകളില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങളാണ് ഓണം ഫെയറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കുടുംബശ്രീ യുടെയും മില്‍മയുടെയും ഉത്പനങ്ങള്‍ വില്‍ക്കുന്നതിനായി പ്രത്യേകം സ്റ്റാളുകളും ഓണം ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സപ്തംബര്‍ ഒന്ന് മുതല്‍ താലുക്ക് തലത്തിലും ഫെയറുകള്‍ തുടങ്ങും. ജില്ലയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സെപ്തംബര്‍ രണ്ട് മുതല്‍ ഏഴ് വരെ മിനി ഫെയറായി പ്രവര്‍ത്തിക്കും. പൊതുവിപണിയില്‍ ജനങ്ങളെ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ സ്‌പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഓണം ഫെയറിന്റെ ഭാഗമായി നറുക്കെടുപ്പും സപ്ലൈകോ നടത്തുന്നുണ്ട്. ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ .സജീവ്, കല്‍പ്പറ്റ സപ്ലൈകോ ഡിപ്പോ മാനേജര്‍ ആഭ രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.