ഇക്കുറി ഓണം ഗംഭീരമാക്കാനൊരുങ്ങുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍. കോവിഡ് പ്രതിസന്ധികളും മഴക്കെടുതികളും തരണം ചെയ്ത് ഇക്കൊല്ലമെത്തിയ ഓണാഘോഷത്തിന് ഓണ വിപണി കീഴടക്കാന്‍ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ 111 സി.ഡി.എസുകളിലും ജില്ലാതലത്തിലും ഓണചന്തകള്‍ സംഘടിപ്പിച്ച് കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും പച്ചക്കറികളും മറ്റു മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ഓണ വിപണിയില്‍ എത്തിക്കും. ഓഗസ്റ്റ് രണ്ടോടെയാണ് ജില്ലയില്‍ ഓണ ചന്തകള്‍ ആരംഭിക്കുന്നത്. ഓരോ പഞ്ചായത്ത്/ നഗരസഭകളിലും അതത് സി.ഡി.എസിന്റെ നേതൃത്വത്തിലാണ് ചന്ത സംഘടിപ്പിക്കുന്നത്. ജില്ലാതല ഓണചന്ത മലപ്പുറത്ത് സംഘടിപ്പിക്കും. മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങളിലായാണ് ചന്തകള്‍ നടക്കുക. ജില്ലയിലെ കുടുംബശ്രീ സംരഭകരുടെ വ്യത്യസ്തതയാര്‍ന്ന ഉത്പന്നങ്ങളും കൃഷിക്കൂട്ടങ്ങള്‍ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും മൂല്യ വര്‍ധിത ഉത്പന്നങ്ങളും ചന്തയില്‍ ലഭ്യമാകും. ജില്ലയില്‍ മൊത്തം ആയിരത്തിലധികം കുടുബശ്രീ സംരംഭകരുടെ വ്യത്യസ്തതയാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വില്‍പന നടത്താന്‍ കഴിയുമെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് പറഞ്ഞു.