മഴക്കെടുതിയുമായി വീട് നഷ്ടമായവര്‍ക്ക് കഞ്ചിക്കോട് അപ്നാ ഘര്‍ സമുച്ചയത്തിലുളള ് ദിവസം മൂന്ന് നേരവും രുചികരമായ ഭക്ഷണം വിളമ്പുന്നത് കുടുംബശ്രീയുടെ  കഫേശ്രീ ഗ്രൂപ്പുകള്‍. പാലക്കാട് നഗരസഭ, മേലാര്‍ക്കോട് ഗ്രാമപഞ്ചായത്ത്, മലമ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്  കഫേശ്രീ ഗ്രൂപ്പുകളാണ് ക്യാമ്പിലുള്ളവര്‍ക്കാവശ്യമായ ഭക്ഷണം പാകം ചെയ്യുന്നത്. പാലക്കാട് നഗരസഭയിലുള്‍പ്പെട്ട ശംഖു വാരത്തോട്, സുന്ദരന്‍ കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള 665 പേര്‍, 15 പോലീസുകാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍   എന്നിവരടങ്ങുന്ന 700 ഓളം പേര്‍ക്കും രുചികരവും വൈവിദ്ധ്യവുമായ ഭക്ഷണം കൃത്യ സമയത്ത് വിതരണത്തിന് തയ്യാറാക്കാന്‍  12  കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രയത്‌നത്തിലാണ്. പ്രത്യേകം തയ്യാറാക്കിയ മൂന്ന്് അടുക്കളകളിലായാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാനാവശ്യമായ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പ്  എത്തിക്കുന്നുണ്ട്. വ്യക്തികളും, സംഘടനകളും സംഭാവനയായി എത്തിക്കുന്ന ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക കലവറയും തയ്യാറാക്കിയിട്ടുണ്ട്.  കുടുംബശ്രീ , സി.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ബ്ലോക്ക്  കോര്‍ഡിനേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധി വളണ്ടിയര്‍മാര്‍  സദാ സമയവും ജാഗ്രതയോടെ ക്യാമ്പിലുണ്ട്. കുടുംബശ്രീ ഗ്രൂപ്പുകളെ ഭക്ഷണ ചുമതല ഏല്‍പ്പിച്ചിട്ടുള്ള സംസ്ഥാനത്തെ ഏക ദുരിതാശ്വാസ ക്യാമ്പാണ് കഞ്ചിക്കോട്ടേത്. 64 ഫ്‌ലാറ്റുകളിലായാണ് ദുരിതബാധിതരെ താമസിപ്പിച്ചിരിക്കുന്നത്.