നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ് വിലങ്ങാട് കുറ്റല്ലൂര്‍ സ്വദേശി ഇ.കെ ചന്തു. 1980 ജൂലൈ ഒന്നിന് പതിനഞ്ചാമത്തെ വയസ്സിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ പ്രീമെടിക്ക് ഹോസ്റ്റല്‍ ജീവനക്കാരനായി ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് രൂപീകരിച്ച കാലം മുതല്‍ സര്‍വീസില്‍ ഉള്ള വ്യക്തികൂടിയാണ് അദ്ദേഹം.

സര്‍വീസിന്റെ തുടക്ക സമയത്ത് വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടികവര്‍ഗ്ഗവിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മുന്‍കൈ എടുത്ത അനുഭവം ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. കോഴിക്കോടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ അക്കാലത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഒരു സ്ഥാപനം നിലവില്‍ വന്നപ്പോള്‍ അന്നത്തെ
ജില്ലാ ഓഫീസറാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ ചുമതലപ്പെടുത്തിയത്. പിന്നീട് ബോയ്‌സ് സര്‍വീസ് എന്ന് പ്രത്യേക നിയമന പ്രകാരം കുക്ക് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

പിന്നോക്കാവസ്ഥയിലായിരുന്ന കോളനികളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള നിരവധി വിദ്യാര്‍ത്ഥികളെ സ്ഥാപനത്തില്‍ എത്തിച്ച് അവരുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കി. ഈ വിദ്യാര്‍ത്ഥികളില്‍ നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇവര്‍ ജീവിതത്തില്‍ വിജയിച്ച് കയറുന്നത് കാണുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പറയുകയാണ് അദ്ദേഹം.

പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ സര്‍ക്കാരും വകുപ്പും വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ മേഖലയിലുണ്ടായ വളര്‍ച്ച 42 വര്‍ഷത്തിനിടെ അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വീടും വീട്ടുകാരെയും വിട്ട് ഹോസ്റ്റലില്‍ താമസിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതില്‍ കണ്ടെത്തുന്ന സന്തോഷം വളരെ വലുതാണ്.

ആദ്യ കാലത്ത് രണ്ട് വര്‍ഷത്തോളം വയനാട്ടിലെ ജി ആര്‍.പി.സ്‌കൂള്‍, മേപ്പാടി, കണിയാമ്പറ്റ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നീ സ്ഥാപനങ്ങളിലും പിന്നീട് വടകര പ്രീമെടിക് ഹോസ്റ്റലിലും സേവനമനുഷ്ഠിച്ചു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. വിശ്രമ ജീവിതത്തില്‍ കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 31 ന് നടക്കുന്ന വിരമിക്കല്‍ ചടങ്ങ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജീവനക്കാര്‍.