“ഓണത്തിന് ഒരു കൊട്ട പൂവ്” പൂകൃഷി പദ്ധതിക്കൊപ്പം ചേർന്ന് പോർക്കുളം ഗ്രാമ പഞ്ചായത്തും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരമാണ് പഞ്ചായത്ത് പൂകൃഷി നടപ്പാക്കിയത്. പൂകൃഷി ചെയ്ത ഓരോ വാർഡിൽ നിന്നും 500 കിലോയോളം പൂക്കൾ വിളവെടുത്താണ് പഞ്ചായത്ത് വിജയം കൊയ്തത്. കൃഷിഭവനിൽ നിന്ന് 15,000 ചെണ്ടുമല്ലി കൈകളാണ് കൃഷിക്കായി വിതരണം ചെയ്തത്.

കുടുംബശ്രീ ഗ്രൂപ്പുകൾക്കായിരുന്നു മേൽനോട്ട ചുമതല. കുടുംബശ്രീയിലെ 13 എഡിഎസ് ഗ്രൂപ്പ് വഴി ഓരോ വാർഡിലേക്കും ആയിരം തൈകൾ വീതം നൽകിയിരുന്നു. കുടുംബശ്രീയിൽ അംഗമായ ഓരോ വീടുകളിലും തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന തൈകൾ വെച്ച് പിടിപ്പിച്ചാണ് പദ്ധതി നടപ്പാക്കിയത്.

പദ്ധതി പ്രകാരം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ പുഷ്പ കൃഷിയുണ്ട്. പൂക്കളത്തിനുള്ള പൂക്കൾ പഞ്ചായത്ത് തലത്തിൽ തന്നെ കൃഷി ചെയ്താണ് പഞ്ചായത്ത് ഓണത്തെ വരവേൽക്കുന്നത്.

പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം വാർഡ് 3ൽ ഐശ്വര്യ കുടുംബശ്രീ കൃഷിത്തോട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജിഷ ശശി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി ആർ രാഗേഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് തല ഉദ്ഘാടനം മെമ്പർമാരുടെ നേതൃത്വത്തിൽ നടന്നു.